റാന്നി : റാന്നിയിലേക്ക് സർവീസ് നടത്തുന്ന ബസുകളെല്ലാം പെരുമ്പുഴ ബസ്‌സ്റ്റാൻഡിൽ എത്തിക്കുന്നതിന് നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ബസ്‌സ്റ്റാൻഡിലെത്തുന്ന ബസുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി രജിസ്റ്ററായി. ഇവിടെയെത്തുന്ന എല്ലാ ബസുകളും എത്തുന്ന സമയം ഇതിൽ രേഖപ്പെടുത്തണം. സ്റ്റാൻഡിൽ എത്താത്ത ബസുകൾക്കെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനം. റാന്നി താലൂക്ക് വികസനസമിതിയോഗത്തിന്റെ തീരുമാനപ്രകാരം റാന്നി ഗ്രാമപ്പഞ്ചായത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്റ്റാൻഡിലെത്തുന്ന ബസുകളിൽനിന്ന് 15 രൂപയാണ് ദിവസവും പഞ്ചായത്ത് ഈടാക്കുന്നത്.
ഇത് ലേലത്തിൽ എടുത്തിട്ടുള്ള ആളാണ് രജിസ്റ്റർ സൂക്ഷിക്കുന്നത്. എല്ലാ ബസുകളും സ്റ്റാൻഡിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രജിസ്റ്റർ സൂക്ഷിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനിച്ചത്. പെരുമ്പുഴ ബസ്‌സ്റ്റാൻഡിലെത്താത്ത ബസുകൾക്കെതിരേ നടപടി സ്വീകരിക്കാനും യോഗം പോലീസ്, മോട്ടോർവാഹന വകുപ്പ് അധികൃതരോട് നിർദേശിച്ചിരുന്നു. റാന്നിയിലെത്തുന്ന എല്ലാ സർവീസ് ബസുകളും പെരുമ്പുഴയിലെത്തണമെന്ന് ഹൈക്കോടതി വിധിയുണ്ട്. പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് സ്റ്റാൻഡിലെ വിശ്രമകേന്ദ്രത്തിനോടുചേർത്ത് നിർത്താം. എന്നാൽ ഇട്ടിയപ്പാറ ഭാഗത്തേക്ക് എത്തുന്ന കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകളടക്കം എല്ലാ ബസുകളും സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കണം. ദീർഘദൂര ബസുകളിൽ മിക്കവയും സ്റ്റാൻഡിന് എതിർവശത്ത് റോഡരികിലാണ് നിർത്തുന്നത്. സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുന്നവർ തിരക്കേറിയ സംസ്ഥാനപാത മുറിച്ചുകടന്നുവേണം ബസിനരികിലെത്താൻ. ഇത് പലപ്പോഴും അപകടത്തിനിടയാക്കിയിട്ടുണ്ട്. അതിനാലാണ് ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് കർശനമായി ആവശ്യപ്പെടുന്നത്.