കോന്നി : തണ്ണിത്തോട് ഫോറെസ്റ്റെഷൻ പരിധിയിൽ തണ്ണിത്തോട് മൂഴി മുതൽ മുണ്ടോൻമൂഴി വരെയുള്ള പാഴ്മരങ്ങളും അപകട ഭീഷണറിയുള്ള മരങ്ങളും മുറിച്ചു മാറ്റുന്നതിന് നടപടിയായി. ഇരുപത് ദിവസത്തിനുള്ളിൽ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ ആരംഭിക്കുമെന്ന് തണ്ണിത്തോട് ഫോറെസ്റ്റെഷൻ അധികൃതർ അറിയിച്ചു. തണ്ണിത്തോട് ഫോറെസ്റ്റെഷൻ പരിധിയിലെ ചുവട് ദ്രവിച്ച തേക്ക് മരങ്ങൾ, വട്ട, ആഞ്ഞിലി എന്നിവയടക്കം 26 മരങ്ങളും വടശേരിക്കര റേഞ്ചിൽ പെടുന്ന 14 പാഴ്മരങ്ങളുമാണ് മുറിക്കുന്നതിനുള്ള അനുമതിയായിട്ടുള്ളത്. ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മരങ്ങൾ മുറിക്കുന്നതിനുള്ള നടപടികൾ ഇരുപത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആരംഭിക്കും എന്നും ആവണം വകുപ്പ് അധികൃതർ പറഞ്ഞു.
ഉത്തര കുമരംപേരൂർ, തണ്ണിത്തോട് ഫോറെസ്റ്റെഷൻ പരിധികളിലായി 286 പാഴ്മരങ്ങൾ ആണ് മുറിച്ചുമാറ്റുവാൻ ഉണ്ടായിരുന്നത്. ഇതിന്റെ കണക്കുകൾ എടുത്ത ശേഷം മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അനുമതിക്കായി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് അയച്ചു എങ്കിലും കൂടുതൽ അപകടകരമായ മരങ്ങൾ മാത്രം മുറിച്ചാൽ മതിയെന്ന് മറുപടി ലഭിക്കുകയായിരുന്നു. റിപ്പോർട്ട് നൽകി ഒരു വർഷത്തോളമായതിന് ശേഷമാണ് നടപടി. തണ്ണിത്തോട് റോഡിലെ പാഴ്മരങ്ങൾ മഴക്കാലത്ത് ഒടിഞ്ഞു വീഴുന്നത് പതിവായിരുന്നു. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ആണ് മഴക്കാലത്ത് പാഴ്മരങ്ങൾ വീണ് ഒടിയുന്നത്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ യോഗത്തിൽ അടക്കം ഈ വിഷയം ചർച്ചചെയ്യപ്പെട്ടിരുന്നു. ഈ മഴക്കാലത്തും വട്ടമരങ്ങൾ ഉൾപ്പെടെ ഒടിഞ്ഞുവീണ് ഗതാഗത തടസം നേരിട്ടിരുന്നു. വട്ട മരത്തിന് മുകളിൽ പടർന്നു കയറുന്ന വള്ളി പടർപ്പുകളുടെ ഭാരം താങ്ങാൻ കഴിയാതെ ഒടിഞ്ഞു വീഴുന്നതാണ് അധികവും. അപകടകരമായ ഈ മരങ്ങൾ മുറിച്ചു മാറ്റുന്നതോടെ മഴക്കാലത്ത് അപകട ഭീതിയില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ.