കൊച്ചി: ചക്കരപ്പറമ്പ്-കാളച്ചാൽ വഴി സീപോർട്ട് എയർപോർട്ട് റോഡ് വരെ ഉൾപ്പെടുന്ന 4.06 കിലോമീറ്റർ ദൈർഘ്യമുള്ള സമാന്തരപാത പുനരുജ്ജീവിപ്പിക്കാൻ നടപടികൾ കൈക്കൊള്ളണമെന്ന് ഉമാ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. പദ്ധതിയെ സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന കെഎഎസ്എസ്, ആർബിഡിസികെ, കിറ്റ്കോ, കെആർഎഫ്ബി, എൻഎച്ച്എഐ, പഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഉമ തോമസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉമ തോമസ് നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ നാഷണൽ ഹൈവേ അഥോറിറ്റിയെ ഈ റോഡിൻറെ സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. റോഡുമായി ബന്ധപ്പെട്ട മുഴുവൻ രേഖകൾ എൻഎച്ച്എഐക്ക് കൈമാറിയിട്ടുമുണ്ട്.
2014ൽ ഉമ്മൻ ചാണ്ടി സർക്കാർ അടിയന്തര ആവശ്യകതയെ മുൻനിർത്തി സ്പീഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 417 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. റോഡിൻറെ വീതി 45 മീറ്ററും, രണ്ട് വലിയ പാലങ്ങളും ഒരു ചെറിയ പാലവും ഉൾപ്പെടുന്നതാണ്. 270 കോടി രൂപ ഭൂമിയേറ്റെടുക്കലിനായി മാത്രം നീക്കി വച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി ആർബിഡിസികെ യെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതിക്ക് ഇതുവരെയും സർക്കാർ അനുമതി ലഭിച്ചിട്ടില്ല. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കാക്കനാട് മേഖലയിൽ പുരോഗമിക്കുന്നതിനാൽ ശക്തമായ ഗതാഗതക്കുരുക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. സമാന്തര പാതയുടെ നിർമാണം യാഥാർഥ്യമാവുകയാണെങ്കിൽ ഈ പ്രദേശത്തെ ഗതാഗത പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാകുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.