കോട്ടയം : അങ്കണവാടിയുടെ സമീപം അപരിചിതനെ കണ്ട വീട്ടമ്മ പരിസരവാസികളെ വിളിച്ചു കൂട്ടിയപ്പോള്‍ വണ്ടി വിളിച്ച് ആള്‍ സ്ഥലം വിട്ടു. കോട്ടയം കല്ലറയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടുതവണയാണ് ഇയാളെ അങ്കണവാടിക്ക് സമീപം കണ്ടത്. സമീപവാസിയായ വീട്ടമ്മ ബഹളം വെച്ചിട്ടും ഇയാള്‍ പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ വീട്ടമ്മ കമ്പിവടിയുമായെത്തി. ഇതുകണ്ട അപരിചിതന്‍ ഫോണ്‍ ചെയ്തു വാന്‍ വരുത്തി കടന്നുകളയുകയായിരുന്നു.
കല്ലറ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കളമ്പുകാട് 46ാം നമ്പര്‍ അങ്കണവാടിക്കു സമീപമാണ് സംഭവം. കല്ലറ റോഡില്‍ നിന്നു 300 മീറ്റര്‍ ഉള്ളിലായി റബര്‍ തോട്ടത്തിനരികിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ചെറിയ ഇടവഴിയിലൂടെ വേണം ഇവിടേക്ക് എത്താന്‍. ഇവിടെയെത്തിയ അപരിചിതന്‍ പരിസരം വീക്ഷിച്ചു നില്‍ക്കുന്നതു കണ്ടു സമീപവാസിയായ ഉഷ വിവരം തിരക്കി. പക്ഷേ ഇയാള്‍ പോകാതെ അവിടെ അല്‍പ്പനേരം ചുറ്റിത്തിരിഞ്ഞ ശേഷം വഴിയിലേക്കു പോയി.
11.30ന് അങ്കണവാടി പരിസരത്ത് വീണ്ടും ഇയാളെ കണ്ടതോടെ വീട്ടമ്മ ബഹളം വയ്ക്കുകയും കമ്പിവടിയുമായി അങ്കണവാടിക്കു സമീപത്തേക്ക് എത്തുകയുമായിരുന്നു. ഇതോടെയാണ് ഇയാള്‍ വാന്‍ വിളിച്ചുവരുത്തി രക്ഷപ്പെട്ടത്. ഈ സമയം ആയ മാത്രമേ അങ്കണവാടിയില്‍ ഉണ്ടായിരുന്നുള്ളു. മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന 50 വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന ആളാണ് എത്തിയതെന്ന് അങ്കണവാടി വര്‍ക്കര്‍ ഷൈനി പറഞ്ഞു.
കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമം ആണോയെന്ന സംശയത്തില്‍ അങ്കണവാടി വര്‍ക്കര്‍ പോലീസില്‍ പരാതി നല്‍കി. കടുത്തുരുത്തി എസ്‌ഐ റെനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.