കോന്നി : കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ തെരുവ് നായ ശല്യം വർധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി ആളുകൾക്കാണ് തെരുവ് നായയുടെ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുള്ളത്. കഴിഞ്ഞ ദിവസം കൂടലിൽ പത്ര വിതരണക്കാർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റതാണ് അവസാനത്തെ സംഭവം. കൂടൽ രാജഗിരി റോഡിലെ റേഷൻകട പടിയിൽ വെച്ചാണ് ഇവർക്ക് നേരെ പുലർച്ചെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി തണ്ണിത്തോട് പഞ്ചായത്തിൽ നായയുടെ ആക്രമണത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലയാലപ്പുഴ പഞ്ചായത്തിൽ ജൂലൈ മാസത്തിൽ രണ്ട് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കോന്നി നഗരത്തിലടക്കം ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ ആണ് തെരുവ് നായ ശല്യം വർധിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം തെരുവ് നായയുടെ അക്രമണമുണ്ടായ കൂടലിൽ രാജഗിരി ,നെല്ലിമുരുപ്പ്, കൂടൽ മാർക്കറ്റ്, സ്റ്റേഡിയം ജംഗ്ഷൻ, ഗാന്ധി ജംഗ്ഷൻ, തേമ്പാവ് മണ്ണ് എന്നിവിടങ്ങളിൽ എല്ലാം തെരുവ് നായകളുടെ ശല്യമുണ്ട്. തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കൽ ഐ എച്ച് ആർ ഡി കോളേജിന് വിറ്റു നൽകിയ കെട്ടിടത്തിന് പരിസരത്താണ് തെരുവ് നായകൾ താവളമാക്കിയിരിക്കുന്നത്. പയ്യനാമൺ, അതുമ്പുംകുളം, തണ്ണിത്തോട് മൂഴി തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ എല്ലാം തെരുവ് നായകൾ താവളമാക്കിയിരിക്കുകയാണ് ഇപ്പോൾ. അതിരുങ്കൽ, മുറിഞ്ഞകൽ, കൊല്ലൻപടി, കലഞ്ഞൂർ ഭാഗങ്ങളിലും തെരുവ് നായകൾ വർധിക്കുന്നുണ്ട്.
പുലർച്ചെ നടക്കാൻ ഇറങ്ങുന്നവരും സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികളും അടക്കമുള്ളവർ ഏറെ ഭീതിയിലാണ് ഇപ്പോൾ. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് പുറകെ നായകൾ കൂട്ടത്തോടെ കുരച്ചുകൊണ്ട് ചാടുന്നതും പതിവായി മാറുകയാണ്. ഇത്തരത്തിൽ വാഹനാപകടം ഉണ്ടായി പരിക്കേൽക്കുന്നവരും കുറവല്ല. കുറച്ചു നാളുകൾക്കു മുൻപാണ് കോന്നിയിൽ പുലർച്ചെ ബസ് കയറാൻ വന്നയാളെ തെരുവ് നായ ഓടിച്ചത്. സ്വയരക്ഷക്ക് വടിയും മറ്റും കയ്യിൽ കരുതാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് പല സ്ഥലങ്ങളിലും ഉള്ളത്. കോന്നി താലൂക്ക് വികസന സമിതിയിലും ഈ വിഷയങ്ങൾ ചർച്ച ചെയ്യപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.