റാന്നി: റാന്നിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ വിളയാട്ടം. നായയുടെ ആക്രമണത്തില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് കടിയേറ്റതായിട്ടാണ് സൂചന. ആക്രമിച്ച നായയ്ക്ക് പേവിഷ ബാധയുള്ളതായും സംശയമുണ്ട്. തെരുവു നായയുടെ ആക്രമണത്തില്‍ വടശേരിക്കര നരിക്കുഴിയിൽ ഒരാൾക്ക് ഗുരുതര പരുക്കെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ ആറു മണിയോടെ റാന്നി ബ്ലോക്ക്പടിയിൽ ആണ് പുതുശേരിമല സ്വദേശിയെ ആദ്യം നായ ആക്രമിക്കുന്നത്. പിന്നീട് മറ്റൊരു നായ റാന്നി ഇട്ടിയപ്പാറ ഐത്തല റോഡിൽ ആക്രമണം നടത്തി. ഇവിടെ ഒരു കൊച്ചു കുട്ടിയെ മറിച്ചിട്ട് ആക്രമിച്ചു. നായയുടെ ശൗര്യം കണ്ടു ആളുകള്‍ ഓടി മാറി. ബ്ലോക്കുപടിയിൽ സ്കൂട്ടറിൽ വന്നിറങ്ങിയ പുതുശേരിമല ഇലവുങ്കൽ രവീന്ദ്രൻ നായരെയാണ് രാവിലെ തെരുവു നായ കടിച്ചത്. കടിച്ച ശേഷം ഓടി പോയ നായയെ കണ്ടെത്താന്‍ ആയിട്ടില്ല. വടശേരിക്കര നരിക്കുഴിയില്‍ ലോട്ടറി വില്‍പ്പനക്കാരനെ ആക്രമിച്ച നായ ഗുരുതര പരിക്കുണ്ടാക്കി. ഇതിനെ പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ തല്ലികൊന്നു. ഇട്ടിയപ്പാറയിലെ നായയേയും തല്ലികൊന്നിട്ടുണ്ട്. എന്നാല്‍ ബ്ലോക്കുപടിയിലെ ആക്രമണകാരിയായ നായയെ കണ്ടെത്താനായിട്ടില്ല.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകള്‍ അപകടകാരികൾ ആകുവാന്‍ സാധ്യതയുണ്ട്. തെരുവില്‍ അലഞ്ഞു തിരിയുന്ന ഒരുപാട് നായകളെ ഈ മൂന്നു സ്ഥലത്തും ആക്രമണകാരികളായ നായ കടിച്ചിട്ടുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ വരുന്ന ദിവസങ്ങൾ പേപട്ടികളുടെ നെട്ടോട്ടം ആയിരിക്കും റാന്നിയിൽ. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ തെരുവു നായകളുടെ താവളമാണ്. ബസിൽ നിന്നും ഇറങ്ങുന്നവരെയും കയറാൻ വരുന്നവരെയും ബസിൻ്റെ അടിയിൽ കിടക്കുന്ന നായകള്‍ പുറത്തേക്ക് കുരച്ച് ചാടുകയും കടിക്കുകയും ചെയ്യുന്നുണ്ട്. നായ സ്നേഹികളായ ആൾക്കാർ സ്റ്റാൻഡിൽ ബിസ്കറ്റും ഭക്ഷണവും കൊണ്ട് വന്ന് കൊടുക്കുന്നതാണ് ഇവ പെരുകാന്‍ കാരണം. പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും പ്രയോജനം ഇല്ലാത്ത അവസ്ഥയാണ്. മന്ദിരം തെക്കേപ്പുറം റോഡിൽ തെരുവു നായകളുടെ താവളമാണ്. വാഹനത്തിൽ വരുന്നവരുടെ നേരെ കുരച്ചു ചാടി വരുന്നതു മൂലം ഇരുചക്ര വാഹനയാത്രയും കാൽനടയാത്രയും ദുഷ്ക്കരമാണ്.