മല്ലപ്പള്ളി: മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കൂടി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിൽ വളർന്നുനിൽക്കുന്ന കാട് നീക്കം ചെയ്യണമെന്നും വെണ്ണിക്കുളം കല്ലുപാലത്തിലെ തകർന്ന കൈവരികൾക്ക് പകരം പുതിയ കൈവരികൾ സ്ഥാപിക്കണമെന്നും മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ലൈറ്റ് സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. കല്ലൂപ്പാറ കടമാൻകുളം റോഡിൽ കേബിൾ ഇടുന്നതിനെടുത്ത കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും കാൽ നടയാത്രക്കാരും അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. തീയാടിക്കൽ – വൃന്ദാവനം റോഡിൽ കേടായ മരങ്ങൾ നീക്കുന്നതിനും വൃന്ദാവനം എസ്.എൻ.ഡി.പി ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് വേഗത നിയന്ത്രണ മാർഗങ്ങൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ട അധികാരികൾ യോഗത്തിൽ അറിയിച്ചു.
കല്ലൂപ്പാറ പഞ്ചായത്തിലെ അഴകനാപ്പാറ പമ്പ് ഹൗസ് ജീർണാവസ്ഥയിലാന്നെന്നും പരാതി ഉയർന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സൂസൻ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യൂ എന്നിവർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ രാജേഷ് ജോസഫ്, കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ ഗോപി, പുറമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ജൂലി കെ.വർഗീസ്, എം പിയുടെയും എം എൽ എമാരുടെയും പ്രതിനിധികൾ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളും വിവിധ വകുപ്പുകളിലെ താലൂക്കുതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.