റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ പൊന്നമ്പാറ, ഇടമുറി എന്നിവിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി. സ്‌കൂളിലേക്ക് പോകുന്ന വിദ്യാർഥികളും പ്രഭാത സവാരിക്കാരും മുറ്റത്ത് കളിക്കുന്ന കുട്ടികളും കടുത്ത ഭീതിയിലാണ്. കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. ഏതാനും ദിവസം മുന്‍പ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പൊന്നമ്പാറ പെരുംപൊയ്കയില്‍ ക്രിസ്റ്റി രാജന്‍റെ മകള്‍ എവ് ലിന്‍ ലിസ ക്രിസ്റ്റിയെ (7) തെരുവു നായ കടിച്ചിരുന്നു.
നെറ്റിയില്‍ കടിയേറ്റ കുട്ടിയെ പിന്നീട് പ്ലാസ്റ്റിക് സര്‍ജറിക് വിധേയമാക്കിയിരുന്നു. മുക്കട-ഇടമണ്‍-അത്തിക്കയം റോഡില്‍ റബ്ബര്‍ ബോര്‍ഡിനോടു ചേര്‍ന്ന സ്ഥലങ്ങളില്‍ മാലിന്യ തളളുന്നത് പതിവാണ്. ഇവിടെ തെരുവ് നായ്‌ക്കൾ പെരുകാനും കൂട്ടത്തോടെ കഴിയാനും തുടങ്ങിയിട്ടുണ്ട്. റോഡിന്റെ നടുവില്‍ നായ്ക്കൾ കൂട്ടമായി നില്‍ക്കുന്നതും കിടന്നുറങ്ങുന്നതും പതിവാണ്.
ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ക്ക് നേരെ കുരച്ചുകൊണ്ട് ഓടി എത്തുന്നതും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനും പ്രദേശത്തെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാനും പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.