അടൂർ : മണ്ണടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായശല്യം രൂക്ഷമാകുന്നു. മണ്ണടിതാഴം മുടിപ്പുര, പള്ളീനഴികത്ത്പടി, ദേശക്കല്ലുംമൂട്, ദളവാജംഗ്ഷൻ, നടുവിലക്കര, കന്നിമല, മൃഗാശുപത്രി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് നായ്ക്കൂട്ടം വിഹരിക്കുന്നത്. പള്ളീനഴികത്ത് പടിയിൽ അൻപതോളം തെരുനായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. കടകളിലും വീടുകളിലും വരെ പാഞ്ഞടുക്കുന്ന ഇവറ്റകൾ ജനങ്ങൾക്ക് പേടിസ്വപ്നമായിരിക്കുകയാണ്. മണ്ണടിയിൽ നിന്ന് അടൂരിലേക്കുള്ള പ്രധാന പാതയായ മുടിപ്പുര ക്ഷേത്രം റോഡിലും മറ്റ് ചെറിയ റോഡുകളിലേയും നായ്ക്കൂട്ടമാണ്. സ്കൂൾ കുട്ടികൾക്കും ഇരുചക്ര വാഹന യാത്രികർക്കുമാണ് ഏറെ ഭീഷണിയായിരിക്കുന്നത്.
മണ്ണടി ചന്ത ജംഗ്ഷനിലും മുടിപ്പുര ദേശക്കല്ലുംമൂട് റോഡിലും ജനങ്ങൾക്ക് നടക്കാനാകാത്ത സ്ഥിതിയാണ്. രാത്രി ആളൊഴിഞ്ഞ കടകളിലും കെട്ടിടങ്ങളിലുമാണ് നായ്കൾ തമ്പടിക്കുന്നത്. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ പിന്നാലെ കുരച്ച് ചാടുന്നത് പതിവ് കാഴ്ചയാണ്. കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചന്തയിലും സ്കൂളുകളിലും പൊതു ഇടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. കടമ്പനാട് പഞ്ചായത്തിൽ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളില്ല. ഇവയുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കും ആരോഗ്യ മൃഗ സംരക്ഷണവകുപ്പിന്റെയും പഞ്ചായത്തിന്റെയും പക്കലില്ല. സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി നടപ്പാക്കി തുടങ്ങിയെങ്കിലും ലക്ഷ്യം കാണാത്ത സ്ഥിതിയാണ് കടമ്പനാട് പഞ്ചായത്തിൽ. അടിയന്തിരമായി തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തി ഇവറ്റകളുടെ ശല്യം ഒഴിവാക്കുന്നമെന്നാണ് നാട്ടുകാരുടെ ആവശ്യം.