കോന്നി : വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള തണ്ണിത്തോട് റോഡിൽ വനഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് രാത്രി യാത്രക്കാരെ വലയ്ക്കുന്നു. കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്സിൻ്റെ ചുമതലയിൽ വനഭാഗത്തെ 117 വൈദ്യുത തൂണുകളിലായാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനാവശ്യമായ സാമഗ്രികളുടെ വിലയും സ്ഥാപിക്കുന്ന ജോലികളും ഉൾപ്പെടെ മൂന്ന് ലക്ഷത്തിലധികം രൂപ ചിലവ് വന്നിരുന്നു. മൂന്ന് വർഷത്തോളമായി ലൈറ്റുകൾ സ്ഥാപിച്ചിട്ട്. സ്ഥാപിച്ച് ഒരു വർഷം വരെയുള്ള അറ്റകുറ്റപ്പണികൾ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്സ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിൻ്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലാത്തതാണ് വന്യമൃഗ ഭീതി രൂക്ഷമാക്കുന്നത്.
കഴിഞ്ഞ ദിവസവും തണ്ണിത്തോട് മുണ്ടോംമൂഴി പാലത്തിന് സമീപത്ത് വെച്ച് യാത്രക്കാരുടെ മുന്നിൽ പുലിയെ കാണുകയും അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. കാട്ടാന ഉൾപ്പെടെ നിരവധി വന്യമൃഗങ്ങളുടെ പ്രധാന വിഹാര കേന്ദ്രമാണ് ഈ റോഡിലെ വനഭാഗം. നിരവധി തവണ ആനയുടെയും കാട്ടുപോത്തിന്റെയും മുന്നിൽ നിന്നും യാത്രക്കാർ തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടിട്ടുള്ളത്.
നിരവധി ആനത്താരകളും ഇവിടെ ഉണ്ട്. ചിറ്റാർ – സീതത്തോട് പഞ്ചായത്തിലേക്ക് പോകുന്നവരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. എഴുപതിലധികം ലൈറ്റുകളാണ് ഇപ്പോൾ പ്രകാശിക്കാത്തത്. ലൈറ്റുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഇവിടെ യാത്രക്കാർ വന്യ മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നതിന് സാധ്യത ഏറെയാണ്.