പത്തനംതിട്ട : യു ഡി എഫ് പ്രതിഷേധം ഫലം കണ്ടു നഗരത്തിൽ ഇനി തെരുവുവിളക്കുകൾ പ്രകാശിക്കും. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിലിൽ അംഗങ്ങൾ നഗരം ഇരുട്ടിൽ കിടക്കുന്നതായും വാർഡുകളിലെ തെരുവുവിളക്കുകൾ മാസങ്ങളായി പ്രകാശിക്കാതെ കിടക്കുന്നതുകൊണ്ട് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ഭരണ സമതി യാതൊരു താൽപര്യവും കാണിക്കുന്നില്ലെന്നും ആരോപണം ഉയർത്തി പ്രതിഷേധിച്ചു.
മുൻ നഗരസഭാ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ, യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ ജാസിംകുട്ടി എന്നിവരാണ് ഇത് സംബന്ധിച്ച വിഷയം ഉന്നയിച്ചത്. കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് ചെയർമാൻ കഴിഞ്ഞ ഒരു മാസമായി കൗൺസിൽ പോലും വിളിക്കുന്നില്ലെന്നും അവർ പറഞ്ഞു. അടിയന്തിരമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിച്ചില്ലെങ്കിൽ നഗരസഭയ്ക്ക് അകത്തും പുറത്തും സമര പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
അടിയന്തിരമായി സർക്കാർ ഏജൻസികളിൽ നിന്ന് എൽ ഇ ഡി ട്യൂബുകൾ വാങ്ങണമെന്നും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കരാറുകാരെ ചുമതലപ്പെടുത്തണമെന്നും സുരേഷ് കുമാർ പറഞ്ഞു. ഈ നിർദ്ദേശത്തെ മറ്റ് കൗൺസിൽ അംഗങ്ങളും പിന്താങ്ങി. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ ട്യൂബ്‌ലൈറ്റുകൾ വാങ്ങാനും തുടർ നടപടികൾക്കായി എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
നഗരത്തിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കരണം തുഗ്ലക്ക് പരിഷ്‌ക്കാരമായെന്നും കൂടുതൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാനാണ് ഇത് ഇടയാക്കിയിട്ടുള്ളതെന്ന് സുരേഷ് കുമാർ പറഞ്ഞു. കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്താതെ നടത്തിയ ട്രാഫിക്ക് പരിഷ്‌ക്കരണം അശാസ്ത്രീയമായെന്നും യു ഡി എഫ് അംഗങ്ങൾ പറഞ്ഞു. എന്നാൽ ഇത് പരീക്ഷണം മാത്രമാണെന്നും വിശദമായ ചർച്ചകൾ കൗൺസിൽ യോഗത്തിൽ നടത്തുമെന്നും ചെയർമാൻ ഉറപ്പ് നൽകി.
വീട് നിർമ്മാണത്തിന് മണ്ണെടുക്കാൻ അനുമതി ഉദ്യോഗസ്ഥരിൽ നിന്ന് നേടിയെടുക്കുന്നതിന്റെ മറവിൽ നിലം നികത്തൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മണ്ണ് മാഫിയ നടത്തുന്നതായും യു ഡി എഫ് ആരോപിച്ചു. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ പാളിയതായും മാലിന്യം സംസ്‌കരിക്കാൻ ചുമതലപ്പെടുത്തിയ ഏജൻസി തോന്നിയപോലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം ഈടാക്കുന്നതായും യു ഡി എഫ് കൗൺസിലർമാർ ആരോപിച്ചു.
ഈ വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് ചെയർമാൻ കൗൺസിലിനെ അറിയിച്ചു. കൗൺസിൽ അംഗങ്ങളായ എം സി ഷെറീഫ്, സിന്ധു അനിൽ, റോഷൻ നായർ, റോസ്‌ലിൻ സന്തോഷ്, സി കെ അർജുനൻ, ആർ സാബു, ആൻസി തോമസ്, മേഴ്‌സി വർഗ്ഗീസ്, ഷീന രാജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.