റാന്നി: പെരുമ്പെട്ടി, വെച്ചൂച്ചിറ എക്സ് സർവ്വീസ് മെൻ കോളനി എന്നിവിടങ്ങളിലെ പട്ടയങ്ങൾ ഉടൻ നൽകാനാകുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റാന്നിയിൽ നടന്ന നിയോജകമണ്ഡലം പട്ടയ അസംബ്ലിയിൽ പങ്കെടുത്ത ശേഷമാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. പെരുമ്പെട്ടിയിലെ 740 കുടുംബങ്ങൾക്കും എക്സ് സർവീസ് മെൻ കോളനിയിലെ 480 ഭൂഉടമസ്ഥരുടെയും ഉടമസ്ഥരേഖയും ഭൂമിയും പരിശോധിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ മഹസറും സ്കെച്ചും തയ്യാറാക്കി. ഇനി പട്ടയം നൽകാനുള്ള സർക്കാർ ഉത്തരവ് മാത്രം മതി. ഈ ഉത്തരവ് ഇറങ്ങിയാൽ ഉടൻ ഇവർക്ക് പട്ടയം നൽകാനാകും. വലിയപതാൽ മേഖലയിലെ പട്ടയം നൽകേണ്ടവരുടെ ലിസ്റ്റ് എടുത്തു. പട്ടികവർഗ്ഗ കുടുംബങ്ങൾ 36, പട്ടികജാതി 18 ഉൾപ്പെടെ 250 കൈവശ കർഷകർക്കാണ് പട്ടയം നൽകാനുള്ളത്. പട്ടികവർഗ്ഗത്തിന് നൽകിയ ഭൂമിയായിരുന്നതിനാൽ സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് ഇറങ്ങിയതിനു ശേഷം പട്ടയം നൽകും. പരുവ ട്രൈബൽ സെറ്റിൽമെൻറ് ആണ്. ഇത്തരത്തിലുള്ള മണക്കയം, കുരുമ്പൻമൂഴി, കക്കുടുക്ക, മണ്ണടിശാല, ഒളികല്ല്, അടിച്ചിപ്പുഴ, ചൊള്ളനാവയൽ, അറയാഞ്ഞിലിമണ്ണ്, കുടമുരട്ടി, അട്ടത്തോട് എന്നിവിടങ്ങളിലെ പട്ടയം ലഭ്യമാക്കുന്നതിന് ജോയിൻറ് വെരിഫിക്കേഷൻ നടത്തുന്നതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണന്നുമണ്ണിലെ 13 കുടുംബങ്ങൾക്ക് പട്ടയം തയ്യാറായിട്ടുണ്ട്.
മുക്കുഴിയിൽ 56 കൈവശ കർഷകർക്കുണ്ട് മിച്ചഭൂമിയാണ് ഇത് സർക്കാർ ഉത്തരവ് വേണം. അരയൻപാറയിലും ഇതേ പ്രശ്നമാണ്. വലിയകുളത്തെ 9 പട്ടയങ്ങൾ ഉടൻ കൊടുക്കാനാകും. തെക്കേത്തൊട്ടി കോടതിയിൽ നിലവിലുള്ള കേസ് മാറിയാൽ ഉടൻ പട്ടയം നൽകാം. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ആർ പ്രകാശ്, കെ ആർ സന്തോഷ്, ലത മോഹൻ, സോണിയ മനോജ് വൈസ് പ്രസിഡന്റുമാരായ ശോഭാ ചാർലി, പി എസ് സതീഷ് കുമാർ ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി ജോർജ്, തഹസിൽദാർനാരായ എവിസ് കുറമണ്ണിൽ, ബിനുരാജ്, ഡെപ്യൂട്ടി തഹസീൽദാർ ഏ വി ജലജ എന്നിവർ പ്രസംഗിച്ചു.