ഇടുക്കി : പീരുമേട് വില്ലേജിലെ പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമാണെന്നും നിര്‍മ്മാണങ്ങള്‍ എല്ലാം അനധികൃതമാണെന്നുമുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും പ്രദേശവാസികളും വസ്തു ഉടമകളും പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം കിട്ടിയ ഭൂമിക്ക് പോക്കുവരവ് ചെയ്ത് കരം അടച്ച് വരുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ ഇതെല്ലാം കയ്യേറ്റമാണെന്ന് വാര്‍ത്തകളിലൂടെ പ്രചരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. പട്ടയം ലഭിച്ച ഭൂമി പലരിലൂടെ കൈമാറി പത്തും ഇരുപതും സെന്റ് സ്ഥലം പലരും വാങ്ങിയിട്ടുണ്ട്. സ്വന്ത താമസത്തിനുവേണ്ടി വീടുകള്‍ പണിയുന്നവരും പരുന്തുപാറയുടെ അനന്തമായ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി ഭാവിയില്‍ ഹോംസ്റ്റേകള്‍ ആക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ വീടുകള്‍ പണിയുന്നവരുമുണ്ട്.
ഹോംസ്റ്റേകള്‍ നിയമവിരുദ്ധമല്ല, വീടുകള്‍ പണിത് താമസം തുടങ്ങിയതിനുശേഷം ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന് അപേക്ഷ നല്‍കിയാല്‍ ഹോംസ്റ്റേ എന്ന നിലയില്‍ അനുമതി ലഭിക്കും. ഇവിടെ ഒരുക്കിയിട്ടുള്ള സൌകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡ് ലഭിക്കുന്നത്. അംഗീകാരം ലഭിച്ചാല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റില്‍ ഈ ഹോംസ്റ്റേയുടെ പേരും ഗ്രേഡും ഉണ്ടാകും. റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള കോമേഷ്യല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുവാദമുള്ള ഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിയുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയമങ്ങള്‍ തടസ്സമില്ല. നിയമങ്ങളും ചട്ടങ്ങളും ഇതായിരിക്കെ പരുന്തുപാറയില്‍ മുഴുവന്‍ കയ്യേറ്റമാണെന്നും എല്ലാ നിര്‍മ്മാണങ്ങളും അനധികൃതമാണെന്നും ചിലര്‍ വരുത്തിത്തീര്‍ക്കുകയാണ്. നിലവിലുള്ള എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പീരുമേട് ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് ഇവിടെ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. ഏപ്രില്‍ ആദ്യവാരത്തോടെ പുതിയ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ ആകുന്നതോടെ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള കോമേഷ്യല്‍ കെട്ടിടങ്ങള്‍ LA പട്ടയ ഭൂമിയില്‍ പണിയുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ല.
പരുന്തുപാറയിലെ നിര്‍മ്മാണങ്ങള്‍ എല്ലാം നിയമവിരുദ്ധമാണെന്നും ഇതൊക്കെ കയ്യേറ്റഭൂമിയില്‍ ആണെന്നും ചില മാധ്യമങ്ങള്‍ പ്രത്യേകിച്ച് ചില ടി.വി ചാനലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത് ഉദ്യോഗസ്ഥരിലും പൊതുജനങ്ങളിലും ഏറെ തെറ്റിധാരണ ഉണ്ടാക്കിയിട്ടുണ്ട്. പീരുമേട് വില്ലേജിലെ 534, മഞ്ചുമല വില്ലേജിലെ 441 എന്നീ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമായും നിയമപരമായ രേഖകളുടെ അടിസ്ഥാനത്തില്‍ വസ്തുക്കള്‍ വാങ്ങിയവരെ കയ്യേറ്റക്കാരായും ചിത്രീകരിക്കുന്ന മാമാ മാധ്യമ നടപടിയും ഇതിന്റെ പിന്നാലെ കാടടച്ച് വെടിവെക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടിയും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
കയ്യേറ്റം ഉണ്ടെങ്കില്‍ അവ ഒഴിപ്പിക്കുകയും അവിടെ അനധികൃത നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ പൊളിക്കുകയും വേണം. എന്നാല്‍ ആരാണ് കയ്യേറിയത്, എവിടെയാണ് കയ്യേറ്റം എന്നിവയെക്കുറിച്ച് വ്യക്തത വേണം. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുമ്പോള്‍ തന്നെ ഇവിടെയുള്ള വസ്തു ഉടമകളെ കള്ളന്മാരും കൊള്ളക്കാരുമായി മാറ്റിക്കഴിഞ്ഞതിന്റെ പിന്നില്‍ നല്ല ഉദ്ദേശ്യമല്ല എന്നത് വ്യക്തമാണ്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകളും വാര്‍ത്തകളും പത്തനംതിട്ട മീഡിയ പുറത്തുകൊണ്ടുവരും. >>> തുടരും.
—
പരുന്തുപാറയെ ഇഷ്ടപ്പെടുന്നവരും പ്രദേശവാസികളും ഉള്‍പ്പെടെ ആര്‍ക്കും വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]