മലപ്പുറം : വിദ്യാർഥികൾക്ക് കൺെസഷൻ നിഷേധിക്കുന്ന തരത്തിൽ ബസ്ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായാൽ ഇനി കർശന നടപടി. പ്രവൃത്തിദിവസങ്ങളിൽ ബസുകളിൽ കയറുന്ന എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകണമെന്ന് മലപ്പുറം ആർടിഒ വി.എ സഹദേവൻ അറിയിച്ചു. സ്റ്റുഡൻസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളോട് മോശമായി പെരുമാറുകയോ ബസിൽ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികൾ ഒഴിവാക്കാൻ ആർടിഒ എൻഫോഴ്‌മെന്റ് മഫ്ടിയിൽ പരിശോധന നടത്തും. ബസുടമകൾക്കും കുട്ടികൾക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികൾക്ക് എൻഫോഴ്‌മെന്റുമായി ബന്ധപ്പെടാം. ഏതു സമയത്തും അവരുടെ സഹായം ഉണ്ടാകും.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ബസിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷ ബസ് ജീവനക്കാരും അധ്യാപകരും ഒരുപോലെ ഉറപ്പുവരുത്തണം. കൂടുതൽ കുട്ടികളെ ഒരു ബസിൽത്തന്നെ കയറ്റാതെ തുടർന്ന് വരുന്ന ബസുകളിൽ കയറ്റാൻ അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ യാത്ര കൂടുതൽ സുഗമമാക്കാൻ സ്കൂളുകളിലെ ബസുകളെല്ലാം നിരത്തിലിറക്കാനാണ് തീരുമാനം.
തിരൂർ, മഞ്ചേരി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടുന്നത്. കുട്ടികൾ കൂടുന്നതിനനുസരിച്ച് സർവീസുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനം കെ.എസ്.ആർ.ടി.സി യുടെ പരിഗണനയിലുണ്ട്. കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാവികസന കമ്മിഷണർ എസ്.പ്രേം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ആർ.ടി.ഒ വി.എ സഹദേവൻ, എൻഫോഴ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.എസ് കുസുമം, എ.എസ്.പി, കെ.എസ്.ആർ.ടി.സി ജീവനക്കാർ, ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ, സ്റ്റുഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.