ന്യൂഡല്‍ഹി : രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് കേസുകളുള്ള പത്ത് സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കർശനനിർദേശം നൽകി കേന്ദ്രസർക്കാർ. കൊവിഡ് കേസുകൾ ഇപ്പോഴും നിയന്ത്രണത്തിനപ്പുറം കൂടുന്ന പത്ത് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള മാർഗരേഖ നൽകിയിരിക്കുന്നത്.
നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന നാലിന മാർഗരേഖ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നൽകി. 10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ സംസ്ഥാനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ് നാട്, ഒഡിഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാർ കർശനനിർദേശം നൽകിയിരിക്കുന്നത്.
ഈ ഘട്ടം നിർണായകമാണെന്നും ഇവിടെ എന്തെങ്കിലും പിഴവുകൾ പറ്റിയാൽ സ്ഥിതി ഗുരുതരമാകുമെന്നും കേന്ദ്രസർക്കാർ വിലയിരുത്തുന്നു. രാജ്യത്തെ 46 ജില്ലകളിൽ നിലവിൽ 10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുണ്ട്. 53 ജില്ലകളിൽ 5 ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്ത് ശതമാനത്തിലേക്ക് എത്തുന്നത് തടയാനാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശം നൽകുന്നത്.
നാലിന മാർഗരേഖയാണ് പത്ത് സംസ്ഥാനങ്ങൾക്കുമായി കേന്ദ്രസർക്കാർ നൽകുന്നത്. (1) കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ കർശന കണ്ടെയ്ൻമെന്റ് നടപടികളും നിരീക്ഷണവും തുടരുക. (2) കേസുകൾ കൃത്യമായി അടയാളപ്പെടുത്തി കോണ്ടാക്ട് ട്രെയ്‍സിംഗ് നടത്തുക, കണ്ടെയ്ൻമെന്റ് സോണുകൾ കേസുകളുടെ അടിസ്ഥാനത്തിൽ നടത്തുക. (3) ഗ്രാമീണ മേഖലകളിൽ ആരോഗ്യസംവിധാനം മെച്ചപ്പെട്ടതാക്കുക. ഇത് കുട്ടികൾക്ക് മികച്ച ചികിത്സ നൽകാനുള്ള തരത്തിലുള്ളതാകണം. (4) ഐസിഎംആർ മാർഗരേഖ അനുസരിച്ച് കൃത്യമായി മരണസംഖ്യ റിപ്പോർട്ട് ചെയ്യുക.
വലിയ ആൾക്കൂട്ടങ്ങളോ അനാവശ്യയാത്രകളോ വിലക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനും കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതീവജാഗ്രതാ നിർദേശം നൽകുകയാണ് കേന്ദ്രസർക്കാർ. കേസുകൾ കൂടുന്ന പത്ത് സംസ്ഥാനങ്ങളിലും 80 ശതമാനം കേസുകളും ഹോം ഐസൊലേഷനിലാണ്. ഈ രോഗികളെ കൃത്യമായി നിരീക്ഷിക്കാൻ പ്രാദേശിക തലത്തിൽ സംവിധാനം വേണം. ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അവരെ ഉടൻ മാറ്റണം – കേന്ദ്രം നിർദേശം നൽകുന്നു.
5 മുതൽ 10 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ വാക്സിനേഷൻ പരമാവധി കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകുന്നു. എത്ര വാക്സിൻ ഡോസുകൾ കിട്ടുന്നോ അവ അതിന് ആനുപാതികമായി രോഗികൾ കൂടിയ പ്രദേശങ്ങളിലേക്ക് എത്തിക്കണമെന്നും കേന്ദ്രനിർദേശം. മുതിർന്ന പൗരൻമാർക്ക് എത്രയും പെട്ടെന്ന് വാക്സിനേഷൻ ഉറപ്പാക്കണമെന്നും കേന്ദ്രം ആവർത്തിക്കുന്നു. ഈ പ്രായപരിധിയിലുള്ളവരിൽ 80 ശതമാനമാണ് മരണനിരക്ക്. അതിനാൽ മുതിർന്ന പൗരൻമാർക്ക് ആദ്യപരിഗണന നൽകി വേണം വാക്സിനേഷനെന്നും കേന്ദ്രം നിർദേശിക്കുന്നു.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി 8000-ത്തിലധികം പുതിയ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ കേരളത്തിലിത് 20,000-ത്തിൽ കൂടുതലാണ്. മിക്ക ദിവസങ്ങളിൽ രാജ്യത്തെ കൊവിഡ് കണക്കുകളിൽ ഏതാണ്ട് 50 ശതമാനവും കേരളത്തിൽ നിന്നാണ്. തമിഴ്നാട്ടിലും കർണാടകത്തിലും ചെറിയ വർദ്ധനയേ ഉള്ളൂവെങ്കിലും ഈ സംസ്ഥാനങ്ങളോടും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.