തൃശൂര്‍: ദേശീയ പാതയ്ക്ക് അഭിമുഖമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും പ്രവേശന പാത ഒരുക്കുന്നതിനും കേന്ദ്ര ഉപരിതല ഹൈവേ മന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി പുറപ്പെടുവിച്ചു. ഇന്ധന ബങ്കുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് പുതിയ നിബന്ധന ബാധകമാണ്. ദേശീയ പാതയിലെ സുഗമമായ വാഹന ഗതാഗതത്തിന് തടസ്സം വരുന്ന വിധത്തില്‍ ദേശീയ പാതയിലേക്ക് സര്‍വ്വീസ് റോഡില്‍ നിന്ന് വാഹനം പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് നിര്‍മ്മിച്ച കവാടങ്ങളിലൂടെ മാത്രമേ ഇനി പ്രവേശിക്കാനാകൂ.
ദേശീയ പാതയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നത് ദേശീയപാത പ്രഖ്യാപന ശേഷം അതെ രീതിയില്‍ തുടരാന്‍ അനുവദിക്കില്ല. മീഡിയനുള്ള നാലുവരി ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും ദേശീയ പാതയിലെ വാഹന ഗതാഗതത്തിന്റെ ഒഴുക്കിന് തടസ്സം വരാത്തവിധത്തിലായിരിക്കണം. ഇതിന് നിശ്ചിത വഴികള്‍ മാത്രമായി പരിമിതപ്പെടുത്തും. വഴിയോരകച്ചവടത്തിലൂടെ ഉണ്ടാകുന്ന ദേശീയപാതയിലെ കൈയ്യേറ്റമാണ് അപകടമേഖലകള്‍ ഉണ്ടാകുന്നതില്‍ പ്രധാന ഘടകം. ഇത് റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അപകടമേഖലയാകാന്‍ സാധ്യതയുള്ള സ്ഥലത്ത് പ്രവേശനം അനുവദിക്കില്ല.