കോന്നി : കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിക്കപെടുന്ന വിഷയങ്ങളിൽ മറുപടി പറയേണ്ട ഉദ്യോഗസ്ഥർ സ്ഥിരമായി പങ്കെടുക്കാതിരിക്കുന്നതിന് എതിരെ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം. ശബരിമല മണ്ഡലകാലം ഒരുക്കങ്ങൾ ഉൾപ്പെടെ ആലോചിക്കുവാൻ ചേർന്ന യോഗത്തിൽ പോലീസ് ഉദ്യോഗസ്ഥർ ആരും തന്നെ പങ്കെടുത്തിരുന്നില്ല. തുടർന്ന് കോന്നി പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി സഭയിൽ പങ്കെടുക്കുകയായിരുന്നു. ഡെപ്യൂട്ടി കളക്റ്റർ മിനി കെ തോമസ് പോലീസിനെ വിളിച്ച് വരുത്തി യോഗത്തിൽ പങ്കെടുപ്പിക്കേണ്ടി വന്നതിൽ പോലീസ് ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി. കൂടാതെ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മൈനിങ് ആൻഡ് ജയോളജി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉത്തരവാദിത്വപെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കാതിരുന്നതിലും രൂക്ഷ വിമർശനം നേരിട്ടു. ജല ജീവൻ പദ്ധതി പ്രകാരം വിവിധ ഗ്രാമ പഞ്ചായത്തുകളിൽ വെട്ടി പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ അടിയന്തിരമായി നന്നാക്കാൻ ബന്ധപെട്ടവർ നടപടി സ്വീകരിക്കണം എന്ന് വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷകാലമായി പൊളിച്ചിട്ടിരിക്കുന്ന കോന്നി പേരൂർ കുളം സ്കൂളിൽ യാതൊരു നടപടികളും മുന്നോട്ട് പോകുന്നില്ല.
കെട്ടിടം പൊളിച്ചിട്ടിരിക്കുന്നതിനാൽ ബി ആർ സി യുടെ പ്രവർത്തനം തന്നെ അവതാളത്തിൽ ആയിരിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിൽ നടപടി സ്വീകരിക്കണം എന്നും യോഗത്തിൽ ആവശ്യമുയർന്നു. കെ എസ് റ്റി പി യുടെ ചുമതലയിൽ നിർമ്മാണം നടന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മല്ലശേരിമുക്ക് അടക്കമുള്ള ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുകയാണ്. ചിലയിടത്ത് വാഹനങ്ങൾ വളരെ അടുത്ത് എത്തിയ ശേഷമാണ് കാണാൻ സാധിക്കുന്നത്. ഇത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിർമ്മാണം നടക്കുന്ന കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ല. എം എൽ എ പടി റോഡിൽ തടി കയറ്റുന്നതിന് എതിരെ നടപടി സ്വീകരിക്കണം. കോന്നിയിൽ വിതരണം ചെയുന്ന വാട്ടർ അതോറിറ്റി കുടിവെള്ളം ഉപയോഗ ശൂന്യമാണ്. ഇത് പരിശോധന നടത്തുവാൻ നടപടി വേണം. കല്ലേലി ഭാഗത്ത് കാട്ടാന ശല്യം വർധിക്കുന്നത് തടയുവാൻ നടപടി സ്വീകരിക്കണം എന്ന ആവശ്യത്തിന് ജനങ്ങളുടെ സുരക്ഷക്കായി രാത്രികാലങ്ങളിൽ ഗാർഡിനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് കത്ത് നൽകാൻ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വർഷങ്ങളായി നിർത്തി വെച്ചിരിക്കുന്ന കരിമാൻതോട് കെ എസ് ആർ റ്റി സി സർവീസ് പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് യോഗം ആവശ്യപെട്ടു.
സ്വകാര്യ ബസുകാരെ സഹായിക്കാൻ ആണ് കെ എസ് ആർ ടി സി സർവീസ് നിർത്തിയത് എന്നും യോഗത്തിൽ ആക്ഷേപമുയർന്നു. കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് അടിയന്തിരമായി സ്ഥാപിക്കണം. കോന്നി സഞ്ചായത്ത് കടവ് പാലത്തിന് അടിയിൽ അടിഞ്ഞു കൂടുന്ന തടികൾ കാരണം പാലത്തിന് ബലക്ഷയം ഉണ്ടാവുകയും തീരം ഇടിയുന്നതിന് കാരണമായി തീരുകയും ചെയ്യും. ഇത് നീക്കം ചെയ്യാൻ വനപാലകർ തയ്യാറാകണം എന്ന് കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപെട്ടു. കല്ലേലി – അച്ചൻകോവിൽ റോഡിൽ ഉളിയനാട് ഭാഗത്ത് തകർന്ന കലുങ്ക് പുനസ്ഥാപിക്കണം എന്നും അല്ലെങ്കിൽ നിരവധി അയ്യപ്പ ഭക്തരെ ഇത് ബാധിക്കും എന്നും യോഗം ആവശ്യപെട്ടു. ചിറ്റാർ, മലയാലപുഴ, കല്ലേലി ഭാഗങ്ങളിൽ വർധിച്ചു വരുന്ന കാട്ടാന ശല്യത്തിന് എതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യമുയർന്നു. കോന്നിയിൽ സീബ്ര ലൈനുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് വർധിക്കുണ്ട്. ഇതിന് എതിരെ നടപടി സ്വീകരിക്കണം. കോന്നിയിലെ അനധികൃത പാറ ഖനനം തടയണം എന്നും യോഗം അവശ്യപെട്ടു. ചിറ്റാറിൽ പുലിയെ കുടുക്കാൻ കൂട് സ്ഥാപിക്കണം എന്നും ആവശ്യമുയർന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി കളക്റ്റർ മിനി കെ തോമസ്, തഹൽസീദാർ എം എസ് വിജുകുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാർ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.