പത്തനംതിട്ട : കോളേജ് ക്യാമ്പസുകളിലെ റാഗിങ്ങിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് ആവശ്യപ്പെട്ടു. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള ആശങ്കകൾ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. റാഗിംഗ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ തക്കവണ്ണം നിയമങ്ങൾ ശക്തമാക്കണം. റാഗിങ്ങിന് ഇരയാകുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും തുടർച്ചയായ കൗൺസിലിംഗ് നല്‍കണം. അതോടൊപ്പം തന്നെ അവരുടെ ജീവന് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളില്‍
അടിയന്തിരമായി ഇടപെട്ട് പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ചെയർമാൻ ആയ ഒരു കമ്മീഷൻ രൂപീകരിക്കുവാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസിന്റെ പത്തനംതിട്ട ജില്ല പ്രസിഡന്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, സ്റ്റേറ്റ് വൈസ് ചെയർമാൻ റവ. തോമസ് എം പുളിവേലിൽ, വൈസ് പ്രസിഡൻ്റുമാരായ റവ. ഷാജി ജെ ജോർജ്, പാസ്റ്റർ ഏബ്രാഹാം വർഗ്ഗീസ്, ഫാ.ബിജോയി തുണ്ടിയത്ത്, സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ മാത്യൂസൻ പി തോമസ്, ഡിസ്ട്രിക്റ്റ് കോ ഓർഡിനേറ്റേഴ്സ് റവ.ഡോ.ആർ ആർ തോമസ് വട്ടപ്പറമ്പിൽ, ബാബു വെമ്മേലി, കമ്മറ്റി അംഗങ്ങളായി ജോൺ മാത്യു, റോയി തോമസ്, സജി വർഗ്ഗീസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.