കോഴിക്കോട്: വീട്ടിലെ പ്രസവങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ തടയാൻ ശക്തമായ നിയമനിർമാണം ആവശ്യമാണെന്ന് കെജിഎംഒഎ. മലപ്പുറത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ യുവതി മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ചികിത്സാരീതികൾക്ക് ആളുകൾ വിധേയരാകാൻ തയ്യാറാകുന്നു എന്നത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ്. ഇത്തരം കുറ്റകരമായ നിലപാടുകൾക്കെതിരെ ശക്തമായ നിയമനിർമാണം ഉണ്ടാവണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
ഈ സന്ദർഭത്തിൽ കൂടുതൽ മെച്ചപ്പെട്ടതും കാര്യക്ഷമമായതും ആയ രീതിയിൽ മാതൃ-ശിശു പരിരക്ഷ നടപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഓരോ ജില്ലയിലും മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഡെലിവറി പോയിന്റുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സംഘടന മുൻപ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ഈ അവസരത്തിൽ കൂടുതൽ പ്രസക്തമാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളും, മാനവവിഭവ ശേഷിയും ഉറപ്പുവരുത്തിക്കൊണ്ട് 24 X 7 ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ , അനസ്തേഷ്യോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകുന്ന ഡെലിവറി പോയിൻ്റുകൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
തുടർച്ചയായ ബോധവൽക്കരണം കൊണ്ട് പൊതു സമൂഹത്തെ ശാക്തീകരിച്ചും ആരോഗ്യ രംഗത്ത് നാം കൈവരിച്ച മികവാർന്ന നേട്ടങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന പ്രതിലോമശക്തികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമനിർമ്മാണം നടപ്പാക്കിയും പൊതുജനാരോഗ്യ രംഗത്ത് കൂടുതൽ ഉൾക്കാഴ്ചയോടെയുള്ള നിക്ഷേപങ്ങൾ ഉറപ്പാക്കിയും മുന്നോട്ട് പോകണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെടുകയും ക്രിയാത്മകമായ സഹകരണം ഉറപ്പു നൽകുകയും ചെയ്യുന്നതായി പ്രസിഡന്‍റ് പി.കെ സുനിലും ജനറൽ സെക്രട്ടറി ഡോ.ജോബിൻ ജി.ജോസഫും അറിയിച്ചു.