പന്തളം : ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്തളം നഗരസഭാ പ്രദേശത്ത് വ്യാപക നാശം. മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം താറുമാറായി. തോന്നല്ലൂർ ആക്കനാട്ടുതുണ്ടിൽ വിജയൻപിള്ളയുടെ വീടിന്റെ മുകളിൽ പ്ലാവ് പിഴുതുവീണ് മേൽക്കൂര തകർന്നു. പന്തളം നഗരസഭാ ബസ് സ്റ്റാൻഡിലെ കാത്തിരുപ്പുകേന്ദ്രത്തിന് മുകളിൽ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് മേൽക്കൂര തകർന്നു. തോന്നല്ലൂർ ആയിത്തിരിക്കൽ വീട്ടിലെ തേക്ക് റോഡിന് കുറുകെ പിഴുതുവീണ് വൈദ്യുതി തൂണും ലൈനും തകർന്നു.
പന്തളം വലിയ പാലത്തിന് സമീപം പറവേലിൽ വടക്കേതിൽ വിജയമ്മയുടെ വീടിന് മുകളിലേക്ക് സമീപത്തുനിന്ന പാഴ്മരം പിഴുതുവീണ് മേൽക്കൂര തകർന്നു. പന്തളം പൂഴിക്കാട്കുടശനാട് റോഡിൽ തോണ്ടുകണ്ടത്തിന് സമീപം റോഡിലേക്ക് വലിയ മരം വീണത് അഗ്നിരക്ഷാസേന വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പന്തളം മുടിയൂർക്കോണം അഞ്ജുഭവനത്തിൽ ബാലകൃഷ്ണന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി. പന്തളം കവലയ്ക്കുസമീപം കെട്ടിടത്തിന് മുകളിൽ വച്ചിരുന്ന വലിയ ബോർഡ് എംസി റോഡിലേക്ക് പറന്നുവീണെങ്കിലും വലിയ അപകടം ഒഴിവായി.