പന്തളം : നഗരസഭയിലെ മുപ്പതാം ഡിവിഷനെ വികസന പ്രവർത്തനങ്ങളിൽ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലർ രത്‌നമണി സുരേന്ദ്രന്റെ നേതൃത്വത്തിൽ നഗരസഭയിൽ ഉപരോധം. നഗരസഭാ സെക്രട്ടറി ഔദ്യോഗിക യാത്രയിൽ ആയിരുന്നതിനാൽ അസിസ്റ്റന്റ് സെക്രട്ടറി എസ് രാജഗോപാലിന്റെ ഓഫീസ് കവാടമാണ് ഉപരോധിച്ചത്. രാവിലെ 10ന് ആരംഭിച്ച ഉപരോധം വൈകിട്ട് നാലിന് അവസാനിപ്പിച്ചു. കൗൺസിലർ, അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭ ഉദ്യോഗസ്ഥർ ഉച്ചയ്ക്കുശേഷം പണിമുടക്കി പ്രതിഷേധിച്ചു. വൈകിട്ട് നാലിന് അസിസ്റ്റന്റ് എൻജിനീയർ എത്തി കൗൺസിലറുമായി ചർച്ച നടത്തി. മുപ്പതാം ഡിവിഷനിലെ എല്ലാ ജോലികളും പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
അവഗണന തുടർന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. കോൺഗ്രസ് നഗരസഭ പാർലമെന്ററി പാർട്ടിയിൽ ലീഡർ കെ.ആർ. വിജയകുമാർ, കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു, ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സക്കറിയ വർഗീസ്, ഡി.സി.സി അംഗം നൗഷാദ് റാവുത്തർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ് .ഷെരീഫ് യു.ഡി.എഫ് കൺവീനർ ജി. അനിൽകുമാർ, പി. എസ്. വേണു കുമാരൻ നായർ, ഇ .എസ്. നുജുമുദീൻ, പി .പി .ജോൺ, നസീർ കടക്കാട്, സോളമൻ വരവുകാലായിൽ, ബൈജു മുകടിയിൽ , കെ .എൻ. രാജൻ ,പി .കെ .രാജൻ തുടങ്ങിയവരും പങ്കെടുത്തു.