പത്തനംതിട്ട : കോവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് മത്സ്യ വ്യാപാരം നിർത്തിവെച്ചതോടെ നൂറുകണക്കിന് മത്സ്യ വിതരണ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായതായി എസ്.ടി.യു ജില്ലാ കമ്മിറ്റി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിച്ച് മത്സ്യ വ്യാപാരം പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് എസ്.ടി.യു നിവേദനം നൽകി.
മാർക്കറ്റുകളും മത്സ്യ വിതരണ മേഖലകളുമായി ബന്ധപ്പെട്ട് നിത്യ ജീവിതം കഴിഞ്ഞുവന്ന രണ്ടായിരത്തോളം കുടുംബങ്ങൾ മുഴുപ്പട്ടിണിയിലാണ്. ആരോഗ്യ വകുപ്പും ജില്ലാഭരണകൂടവും നിർദ്ദേശിക്കുന്ന ഏതു തരം പ്രതിരോധ സംവിധാനവും സ്വീകരിക്കാൻ മത്സ്യ വിതരണ തൊഴിലാളികൾ തയാറാണ് . മാനദണ്ഡങ്ങൾ പാലിച്ചു തന്നെ വ്യാപാരം പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് അൻസാരി, ജനറൽ സെക്രട്ടറി എ.കെ. അക്ബർ, മത്സ്യ വിതരണ തൊഴിലാളിയൂണിയൻ നേതാക്കളായ ഷരീഫ് എം.എസ്.ബി.ആർ, നജിം രാജൻ, ഷിഹാബുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.