കൊച്ചി: സമുദ്രനിരപ്പിൽനിന്ന് 2,400മീറ്റർ ഉയരത്തിലെ മഞ്ഞുമല. കൊടും തണുപ്പ്. ട്രക്കിംഗിനിടെ റോമിലെ മയിയേല മലമേഖലയിലെ മഞ്ഞുകൂമ്പാരത്തിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട മലയാളിയെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകയറ്റി ഇറ്റാലിയൻ വ്യോമസേന. കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടനാണ് അപകടത്തിൽപ്പട്ടത്. ഈമാസം നാലിനായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് അത്ഭുതകരമായ രക്ഷപ്പെടൽ നാടറിഞ്ഞത്.ഇറ്റാലിയൻ സുഹൃത്തിനൊപ്പമാണ് അനൂപ് അബ്രൂസേയിലെ മയിയേല മലകയറിയത്. മഞ്ഞുവീഴ്ച ശക്തമായതോടെ യാത്രകഠിനമായി. മലമുകളിൽ എത്താൻ 50 മീറ്റർമാത്രം ശേഷിക്കെ ഇരുട്ടുമൂടി. ഈ പരിഭ്രമത്തിനിടെയാണ് അനൂപ് കാൽതെറ്റി മലഞ്ചരുവിലേക്ക് വീണത്. സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനൂപ് മഞ്ഞിനടിയിലേക്ക് പതിയെ പോയ്‌ക്കൊണ്ടേയിരുന്നു.
ഇതിനിടെ സുഹൃത്ത് ഇറ്റാലിയൻ എമർജൻസി നമ്പറിൽ വിളിച്ച് സഹായംതേടി. ഉടൻ ഇറ്റാലിയൽ വ്യോമസേനയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി. ഈ സംഘത്തിന് രക്ഷാപ്രവർത്തനം വിജയിപ്പിക്കാനായില്ല. തുടർന്ന് രണ്ടാമത്തെ ഹെലികോപ്റ്റർ സംഘമെത്തിയെങ്കിലും ദൗത്യം പരാജയപ്പെട്ടു. പിന്നീടെത്തിയ സേനയുടെ അത്യാധുനിക എച്ച്.എച്ച്. 139-ബി ഹെലികോപ്റ്ററിനാണ് അനൂപിനെ രക്ഷിക്കാനായത്. ഇരുവരെയും താഴെ എത്തിച്ചശേഷം പ്രാഥമിക ചികിത്സനൽകി.അനൂപും കുടുംബവും വർഷങ്ങളായി ഇറ്റലിയിലാണ് താമസം. ഇറ്റലിയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനശേഷം ഷെഫായി ജോലിചെയ്യുകയാണ് അനൂപ്. സാഹസികയാത്രകളിലും മറ്റും ഏറെ കമ്പമുള്ളയാളാണ്.