തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് മർദനമേറ്റു. 16കാരിയെ യുവാവ് റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സംഭവത്തിൽ വിളഭാഗം സ്വദേശി കൃഷ്ണരാജിനെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് ബസിൽ കയറി പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ കൈയിൽ കടന്ന് പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബസിറങ്ങി നടന്ന പെൺകുട്ടിയെ ഇയാൾ പിന്തുടർന്നെത്തി തടഞ്ഞ് മർദിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഈ സമയം ഇയാൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പെൺകുട്ടി പിന്നീട് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രണയാഭ്യർത്ഥനയുമായി ഇയാൾ നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നെന്നും പോലീസ് പറയുന്നു.