പട്ടാമ്പി : പെരുമ്പിലാവിന് സമീപം അക്കിക്കാവില്‍ ബുള്ളറ്റ് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോതച്ചിറ സ്വദേശി പുഷ്കോത്ത് വീട്ടില്‍ മനു (21) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോതച്ചിറ കുറുപ്പത്ത് വീട്ടില്‍ അനില്‍കുമാറിന്‍റെ മകന്‍ ആദര്‍ശിനെ (19) പരിക്കുകളോടെ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കോതച്ചിറയില്‍ നിന്നും അക്കിക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും എതിരെ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അക്കിക്കാവ് സ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. വിനോദയാത്ര പോകുന്നതിനായി ആദര്‍ശിനെ സ്കൂളില്‍ എത്തിക്കാന്‍ പുറപ്പെട്ടതായിരുന്നു മനു.