റാഞ്ചി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാം നിലയിലെ മുറിയില്‍ ഇരു കൈകളും കെട്ടി സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഉത്തര്‍പ്രദേശിലെ വാരാണസി സ്വദേശിയായ ശിവം പാണ്ഡെയാണ് മരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരില്‍ നിന്ന് വിവരമറിഞ്ഞ പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പോലീസാണ് വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. കൊലപാതകവും ആത്മഹത്യയുമുള്‍പ്പെടെ എല്ലാ സാധ്യതകളും പരിഗണിച്ചാണ് പോലീസ് അന്വേഷണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വ്യക്തമായ നിഗമനത്തിലെത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്. ക്യാമ്പസിലെയും ഹോസ്റ്റലിലേയും നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്.
ഞായറാഴ്ച രാത്രി മുതല്‍ വിദ്യാര്‍ത്ഥി വിഷാദത്തിലായിരുന്നുവെന്ന് ഡിഎസ്പി പ്രവീണ്‍ സിംഗ് പറഞ്ഞു. തിങ്കളാഴ്ച ക്യാമ്പസ് പരിസരത്ത് ഇയാളെ കാണാനില്ലായിരുന്നു. ഇതിനിടെ ശിവം ഹോസ്റ്റല്‍ മുറി അകത്ത് പൂട്ടിയിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ സുരക്ഷാഗാര്‍ഡിനെ അറിയിച്ചു. പലതവണ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതോടെ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ ഇരും കൈകളും ബന്ധിച്ച് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.