കൊപ്പല്‍ : ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് വീണ്ടും തര്‍ക്ക വിഷയമായി മാറിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട നല്‍കാനാകില്ലെന്ന് ലിംഗായത്ത് സന്യാസിമാര്‍ പറഞ്ഞതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കൊപ്പല്‍ ജില്ലയിലെ ഗംഗാവതിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് മഠത്തില്‍ ഉള്ളവര്‍ മുട്ടയും പഴവും നിഷേധിക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് പോഷകാഹാരം നിഷേധിച്ചതിനെതിരെ പെണ്‍കുട്ടിയും മറ്റ് കുട്ടികളും ശബ്ദമുയര്‍ത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.
ഉച്ചഭക്ഷണത്തില്‍ മുട്ട അനുവദിച്ചില്ലെങ്കില്‍ മഠത്തില്‍ വന്ന് മുട്ട കഴിക്കുമെന്ന് പെണ്‍കുട്ടി പറയുന്നത് വീഡിയോയില്‍ കാണാം. കൂടെയുള്ള മറ്റ് കുട്ടികളും ഇത് ഏറ്റു പിടിക്കുന്നുണ്ട്. മഠത്തില്‍ ഉള്ളവര്‍ തങ്ങളോട് ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്നും പെണ്‍കുട്ടി ചോദിക്കുന്നു. മുട്ടയും പഴവും കിട്ടിയില്ലെങ്കില്‍ സ്‌കൂളിലെ കുട്ടികളെല്ലാം മഠത്തില്‍ വന്ന് മുട്ട കഴിക്കും എന്നാണു പെണ്‍കുട്ടി പറയുന്നത്. ‘ഇത് നല്ലതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നിങ്ങളുടെ കുട്ടികളോട് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ? ഞങ്ങള്‍ക്ക് മുട്ടയും പഴവും വേണം. ഇല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ മഠത്തില്‍ വന്ന് അവിടെ നിന്നും മുട്ട കഴിക്കും. അതിനു അവസരം ഉണ്ടാക്കണോ? ഒന്നല്ല, രണ്ടെണ്ണം കഴിക്കും. നിങ്ങളാരാണ് ഞങ്ങളോട് മുട്ട കഴിക്കരുത് എന്ന് പറയാന്‍? നിങ്ങളുടെ മഠത്തിന് ഞങ്ങള്‍ സംഭാവന നല്‍കിയിട്ടില്ലേ? അങ്ങനെയെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ പണം കൊണ്ട് ഭക്ഷണം കഴിക്കുന്നത്? ആ പണം വലിച്ചെറിയൂ. അല്ലെങ്കില്‍ ആ പണം തരൂ, ഞങ്ങള്‍ കഴിക്കാം’, പെണ്‍കുട്ടി പറയുന്നു.
പാവപ്പെട്ടവരുടെ ദുരവസ്ഥ അവര്‍ക്ക് അറിയില്ലെന്നും പെണ്‍കുട്ടി കൂടിച്ചുചേര്‍ത്തു. ‘ഞങ്ങളുടെ വീടുകളില്‍ ദാരിദ്ര്യം ആയതിനാലാണ് ഞങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വരുന്നത്. ഞങ്ങളെ കുറച്ചു കാണരുത്, ഞങ്ങള്‍ കുട്ടികളാണെന്ന് കരുതി ചെറുതാണെന്ന് കരുതണ്ട. ഞങ്ങള്‍ നിങ്ങളുടെ മഠത്തില്‍ വന്ന് അവിടെ ഇരിക്കും. ഗംഗാവതിയിലെ എല്ലാ വിദ്യാര്‍ത്ഥികളും വന്നാല്‍ നിങ്ങളുടെ മഠം നിലനില്‍ക്കില്ല. ഞങ്ങള്‍ വന്നാല്‍ നിങ്ങളുടെ മഠത്തില്‍ ഒരിഞ്ച് ഇടമുണ്ടാകില്ല, അത്രയും വിദ്യാര്‍ത്ഥികളുണ്ട്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ടയും നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. പോഷകാഹാരക്കുറവ് നേരിടാന്‍ ബിദാര്‍, റായ്ച്ചൂര്‍, കലബുറഗി, യാദ്ഗിര്‍, കൊപ്പല്‍, ബല്ലാരി, വിജയപുര എന്നീ ഏഴ് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട നല്‍കുമെനായിരുന്നു നവംബര്‍ 23 ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനെ തുടര്‍ന്ന് ലിംഗായത്ത്, ബ്രാഹ്മണ സമുദായത്തില്‍ പെട്ടവര്‍ ഈ നീക്കത്തെ എതിര്‍ത്തു. പരമ്പരാഗതമായി വന്ന ഭക്ഷണരീതി മാറ്റാന്‍ പാടില്ലെന്നും എന്ത് കഴിക്കണം എന്ന കാര്യത്തില്‍ ധാരണ ഉണ്ടാകില്ലെന്നും ഇവര്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി. ‘പരമ്പരാഗതമായി വന്ന ഭക്ഷണരീതി മാറ്റാന്‍ പാടില്ല. സ്കൂളില്‍ മുട്ട കൊടുക്കുന്നത് സമൂഹത്തിന് നല്ലതല്ല. സ്കൂള്‍ പഠിപ്പിക്കാനുള്ളതാണ്, ജീവിതശൈലി മാറ്റാനുള്ള സ്ഥലമല്ല’, പേജാവര മഠാധിപതി വ്യക്തമാക്കി.
മുട്ട വിളമ്പിയാല്‍ സ്‌കൂളുകള്‍ സൈനിക കാന്റീനുകളാകുമെന്നും പകരം ധാന്യങ്ങളും പയറുവര്‍ഗങ്ങളും നല്‍കണമെന്നും ലിംഗായത്ത് സന്യാസി ചന്നബസവാനന്ദ സ്വാമിജി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മതസംഘടനകളുടെ തീരുമാനത്തില്‍ മാറ്റം വരുത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനോട് ആവശ്യപ്പെട്ട് നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.