ന്യൂഡൽഹി : ഡൽഹിയില്‍ തുടരുന്ന കലാപത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷനും ജാമിയ കോ -ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേര്‍ന്നാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്.
‘കെജ്‍രിവാള്‍ പുറത്തു വരൂ , ഞങ്ങളോട് സംസാരിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് കെജ്‍രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടിയത്. കലാപം അടിച്ചമര്‍ത്താന്‍ ഡൽഹി സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും അക്രമ സ്ഥലത്തു നിന്നും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
പോലീസെത്തി വിദ്യാര്‍ത്ഥികളോട് പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അക്രമകാരികളെ പിടികൂടണമെന്ന ആവശ്യമുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചതിന് ശേഷവും പിരിഞ്ഞു പോകാൻ തയ്യാറാകാതിരുന്ന ചില വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വടക്കു കിഴക്കന്‍ ഡൽഹിയില്‍ ഇപ്പോഴും അക്രമ സംഭവങ്ങള്‍ തുടരുകയാണ്. ഗോകുൽപുരിയിൽ ഇന്ന് വീണ്ടും അക്രമം ഉണ്ടായി. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർ മാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി.