കോഴഞ്ചേരി : റോഡപകടങ്ങളിൽ പൊലിയുന്ന ജീവിതങ്ങളും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളും ഗൗരവമാർന്ന ചിന്തയ‌്ക്കും നടപടിയ്ക്കും വിഷയമാക്കിയാണ് ഉയരാതിരിക്കട്ടെ വിതുമ്പലുകൾ എന്ന സന്ദേശവുമായി ആറന്മുള ജനമൈത്രി പോലീസ് മുന്നോട്ട് പോകുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ എല്ലാവരെയും ജാഗരൂകരാക്കുകയെന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചെറുവാഹനങ്ങളുടെയും വഴിയാത്രക്കാരുടെയും അവകാശങ്ങൾ അംഗീകരിക്കുന്ന ഒരു ട്രാഫിക് സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ആറന്മുള ഗവ: വിഎച്ച്എസ്എസിലെ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് ആറന്മുള ജനമൈത്രി പോലീസ് ട്രാഫിക്ക് പാർക്ക് പരിചയപ്പെടുത്തലും ട്രാഫിക്ക് ബോധവത്ക്കരണവും നല്കി. എസ് ഐ സി ഒ ഫിലിപ്പ് ക്ലാസ് നയിച്ചു. കാൽനട യാത്രക്കാർ റോഡുകളിൽക്കൂടി നടക്കുമ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിച്ചു.
നടപ്പാത ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക, നടപ്പാത ഇല്ലാത്തിടത്ത് മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക, റോഡിൽ കൂട്ടമായി നടക്കാതിരിക്കുക, രാത്രിയിൽ ടോർച്ച് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക, റോഡ് മുറിച്ചുകടക്കുന്നതിനു മുൻപ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക, (എന്നാൽ സീബ്രാ ക്രോസിങ്ങ് വഴി ഓടാൻ പാടില്ല.) സബ് വേയോ ഓവർ ബ്രിഡ്ജോ ഉണ്ടെങ്കിൽ അതുപയോഗിക്കുക, കാൽനടക്കാർക്കായി ഗ്രീൻ ലൈറ്റുണ്ടെങ്കിൽ അത് തെളിയുമ്പോൾ മാത്രം റോഡ് ക്രോസ് ചെയ്യുക, ഓടുന്ന വാഹനങ്ങളിൽ ഓടിക്കയറാതിരിക്കുക, വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക, റോഡിൽ കൂട്ടം കൂടി നിന്ന് മാർഗതടസ്സം സൃഷ്ടിക്കാതിരിക്കുക, റോഡുകൾ കളിസ്ഥലങ്ങളാക്കാതിരിക്കുക, വാഹനത്തിൽ പിടിച്ചുകൊണ്ട് പിന്നാലെ നടക്കാതിരിക്കുക തുടങ്ങിയ വിവിധ കാര്യങ്ങള്‍ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തി.
കാൽനട യാത്രക്കാർ ട്രാഫിക് നിയമങ്ങൾ ശ്രദ്ധിച്ചാൽ വളരെയേറെ അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കുന്നതാണെന്നും ക്ലാസ് നയിച്ച സി ഒ ഫിലിപ്പ് പറഞ്ഞു. വീട്ടിൽ ചെന്ന് റോഡ് ഉപയോഗിക്കുന്ന മാതാപിതാക്കളായ ഡ്രൈവർന്മാർ ട്രാഫിക് നിയമത്തിലെ നിബന്ധനകൾക്ക് അനുസരിച്ച് മാത്രമെ റോഡ് ഉപയോഗിക്കാവു എന്ന ഉപദേശം നല്കാനും കുട്ടികൾക്ക് നിർദ്ദേശം നല്കി. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ മറ്റു വാഹനങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ശ്രദ്ധിക്കുകയും സിഗ്നലുകൾ നൽകി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണമെന്ന് രക്ഷിതാക്കളെ ഉപദേശിക്കാനുമുള്ള ചുമതല കുട്ടികളായ നിങ്ങൾ ചെറുപ്പത്തിലേ സ്വയമേറ്റെടുക്കണമെന്നും ക്ലാസിൽ പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, അദ്ധ്യാപകരായ കെ.വി.ജയശ്രി, എ. സ്മിത റാണി, വിൻസി തോമസ് എന്നിവർ പ്രസംഗിച്ചു.