ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാൻ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനായി പഠനം തുടങ്ങി. മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിലാണു പഠനം. നഗരത്തിലെ ചില സ്ഥലങ്ങളിൽക്കൂടി പുതുതായി ട്രാഫിക് സിഗന്‌ലുകൾ സ്ഥാപിക്കണമെന്ന നിർദേശം നേരത്തേ മോട്ടോർവാഹനവകുപ്പ് മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യങ്ങൾ കഴിഞ്ഞ 27-ന് വിവിധ വകുപ്പുകളുടെ യോഗത്തിൽ ചർച്ചചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി വ്യാഴാഴ്ചയും മോട്ടോർവാഹനവകുപ്പ്, പോലീസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ യോഗംചേർന്നു. സെപ്റ്റംബർ മൂന്നിന് ബസ്സുടമകൾ, ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകൾ, വ്യാപാരി സംഘടനകൾ, വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ എന്നിവരുടെ പ്രതിനിധികളുമായി ചർച്ച നടത്തും.
മണ്ഡലക്കാലമാകുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അതിനുമുൻപായി പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നാണു തീരുമാനം. ജില്ലാ ആശുപത്രി, ബഥേൽ, പുത്തൻപീടിക, മുണ്ടങ്കാവ് എന്നിവിടങ്ങളിൽക്കൂടി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ ഗതാഗതസംവിധാനം കുറ്റമറ്റതാകുമോ എന്നാണ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധിക്കുന്നത്. എം.സി. റോഡിന്റെ ഇരുഭാഗത്തേക്കും പോകുന്ന വാഹനങ്ങൾക്ക് ചെങ്ങന്നൂർ ടൗണിൽ പ്രവേശിക്കാത യാത്രതുടരാൻ സഹായിക്കുന്ന ബദൽ റോഡിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
കോട്ടയം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കല്ലിശ്ശേരിയിൽനിന്നു തിരിഞ്ഞ് മംഗലം വഴി എം.സി.റോഡിലെ സെഞ്ചുറി ജംഗ്ഷ നിലെത്താൻ സഹായിക്കുന്ന റോഡാണു പരിഗണിക്കുന്നത്. പന്തളം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്കു തിരിച്ചും ഈ റോഡിലൂടെ കല്ലിശ്ശേരിയിലെത്തി കോട്ടയത്തേക്കു യാത്രതുടരാം. ഇതിനായി കല്ലിശ്ശേരിയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ഗതാഗതവുമായി ബന്ധപ്പെട്ട ജനകീയസദസ്സിൽ നഗരത്തിലെ ഗതാഗതപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ മോട്ടോർവാഹനവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.