ഹൈദരാബാദ് : കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി തെലങ്കാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. തെലങ്കാനയിൽ ഇതുവരെ രോഗം ബാധിച്ചതിന്റെ 38.5 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇതു 34 ശതമാനത്തോളം മാത്രമായിരുന്നു. ദേശീയ തലത്തിൽ ഇതു 36 ശതമാനമാണെന്നും റിപ്പോർട്ട് ചെയ്യുന്നു.
രോഗം ബാധിച്ച് ഐസിയുവിലെത്തുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നു നിസാമാബാദ് ജനറൽ ആശുപത്രിയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. കിരൺ മഡാല പ്രതികരിച്ചു. ‘നേരത്തേ തീവ്രപരിചരണ വിഭാഗത്തിലെത്തുന്നതിൽ സ്ത്രീകൾ 33% മാത്രമായിരുന്നു. ഇപ്പോഴത് 39 ശതമാനമായി ഉയർന്നു. പുരുഷൻമാരെക്കാൾ സ്ത്രീകളെ വൈകി ആശുപത്രിയിലെത്തിക്കുന്നതാണ് ഇതിനു കാരണം. പുരുഷൻമാർക്കു ലഭിക്കുന്നത്ര ശ്രദ്ധ കുടുംബത്തിൽ സ്ത്രീക്കു ലഭിക്കുന്നില്ല, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ’– മഡാല പ്രതികരിച്ചു.
വൈറസിന്റെ സ്വഭാവത്തിലെ മാറ്റമാണ് ഇതു കാണിക്കുന്നതെന്നും വിദഗ്ധർ വ്യക്തമാക്കി. സ്ത്രീകൾ പൊതുവേ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാറുണ്ടെന്നും പുരുഷൻമാർ പോകുന്നത്ര വീടിനു പുറത്തേക്കു പോകാറില്ലെന്നും ഡോ. സുബോധ് കണ്ഡാമുദൻ വ്യക്തമാക്കി. എന്നാൽ യുവതികളിലാണ് ഇപ്പോൾ കൂടുതൽ പ്രശ്നം. കുടുംബത്തിലെ ഒരുപാട് അംഗങ്ങൾക്ക് രോഗം ബാധിക്കുമ്പോഴും സ്ത്രീകളുടെ ശതമാനം ഒരുപാട് ഉയരുന്നില്ല. എന്നാലും സ്ത്രീകൾ അവരുടെ പ്രതിരോധം കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളുടെ കാര്യം കൂടി പരിഗണിച്ചാൽ ബിഹാറിലാണ് കൂടുതൽ സ്ത്രീകൾക്കു രോഗം ബാധിക്കുന്നത്– 42%. 2020 ജൂണിലെ കണക്കുകൾ പ്രകാരം മഹാരാഷ്ട്ര –38%, കർണാടക –36%, തമിഴ്നാട് –32% എന്നിങ്ങനെയാണു രോഗം ബാധിക്കുന്ന സ്ത്രീകളുടെ കണക്കുകൾ.