റിയാദ് : സൗദിയില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍നിന്ന് ബഹ്‌റൈന്‍ വഴി രാജ്യത്ത് തിരിച്ചെത്തിയ സൗദി പൗരനാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് തിരികെയെത്തിയപ്പോള്‍ ഇറാന്‍ സന്ദര്‍ശിച്ച കാര്യം ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. ലാബ് പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. രോഗിയെ ആശുപത്രി ഐസൊലേഷനിലാക്കി.
ഇയാളുമായി അടുത്ത് ഇടപഴകിയവരുടെ സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ പരിശോധനക്കായി ശേഖരിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 937 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.