കോന്നി: ആനന്ദിന് അഭയമൊരുക്കി നല്കിയ ജനമൈത്രി പോലീസ് ബീറ്റ് ആഫീസർ സുബീക്കിനെ അഭിനന്ദിക്കാൻ കെ.യു.ജനീഷ്കുമാർ എം.എൽ.എ കോന്നി പോലീസ് സ്റ്റേഷനിലെത്തി. കോന്നി പഞ്ചായത്തിലെ ചാങ്കൂർ മുക്കിൽ ആനന്ദ് എന്ന അന്യസംസ്ഥാനക്കാരൻ മാനസിക വിഭ്രാന്തി കാട്ടുന്നു എന്നറിഞ്ഞ് അവിടെ എത്തിയ ബീറ്റ് പോലീസ് ആഫീസർ സുബീക്ക് റഹീം സ്നേഹത്തോടെ ഇടപെടീൽ നടത്തിയപ്പോൾ വിഭ്രാന്തി കാട്ടിയ ആൾ വിധേയനായി മാറുകയായിരുന്നു.
തുടർന്ന് അയാളുടെ മുടി വെട്ടി, കുളിപ്പിച്ച്, പുതിയ വസ്ത്രങ്ങൾ അണിയിച്ച് കോന്നി ആനകുത്തി ലൂർദ്ദ് മാതാ അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇതാകെ മൊബൈൽ വീഡിയോയിൽ നാട്ടുകാർ പകർത്തുകയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. സബീക്ക് റഹീം ചെയ്ത പുണ്യ പ്രവർത്തി വീഡിയോയിൽ കണ്ട എം.എൽ.എ സ്റ്റേഷനിൽ എത്തി സുബീക്ക് റഹിമിനെ ആദരിച്ചു.
സഹജീവിയോട് കാരുണ്യത്തോടെ പെരുമാറിയ സുബീക്കിന്റെ പ്രവർത്തനം എല്ലാ മനുഷ്യർക്കും മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു.കരുണയും സ്നേഹവും മുൻനിര്‍ത്തി വേണം ഓരോ പോലീസ് ഉദ്യോഗസ്ഥനും പെരുമാറേണ്ടത്. കോന്നിയിലെ ജനമൈത്രി പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. യോഗത്തിൽ കോന്നി സ്റ്റേഷൻ ഹൗസ് ആഫീസർ അഷദ് അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ ബിനു, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.