പത്തനംതിട്ട : സുഭിക്ഷ ഹോട്ടല്‍ ആദ്യം ജില്ലാ തലത്തിലും പിന്നീട് താലൂക്ക് തലത്തിലും ആരംഭിക്കാനും ഇതിനായി എംഎല്‍എമാരുമായും ജനപ്രതിനിധികളുമായും ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ. എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സുഭിക്ഷാ കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു.
അനുയോജ്യമായ കെട്ടിടം കണ്ടെത്തി ഉടന്‍ സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനിച്ചു. സമൂഹത്തില്‍ നിന്ന് വിശപ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ പാകം ചെയ്ത ഭക്ഷണം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുളളതാണ് വിശപ്പ് രഹിത കേരളം (സുഭിക്ഷ) പദ്ധതി. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം പണി പൂര്‍ത്തീകരിച്ചു വരുന്ന കെട്ടിടത്തില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആദ്യ പടിയായി സുഭിക്ഷാ ഹോട്ടല്‍ തുടങ്ങുന്നതിനുളള പദ്ധതി പരിഗണനയിലാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
തുടര്‍ന്ന് എല്ലാ താലൂക്കിലും അടിസ്ഥാന സൗകര്യത്തോടെ കെട്ടിടം കിട്ടുന്ന മുറയ്ക്ക് രണ്ടാം ഘട്ടമായി പദ്ധതി നടപ്പില്‍ വരുത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാ സന്നദ്ധ സംഘടനാ പ്രതിനിധികളും പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജില്ലാ സപ്ലൈ ആഫീസറും കമ്മറ്റിയിലെ മറ്റ് അംഗങ്ങളായ ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സാമൂഹ്യ നീതി ഓഫീസറുടെ പ്രതിനിധി, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ഇതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.