ചെങ്ങന്നൂർ : എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ഒന്നര വർഷമായി കെ – റെയിൽ വിരുദ്ധ സമരത്തിൽ നിർണായകമായ പങ്കു വഹിച്ചു പോരുന്ന പ്രസ്ഥാനമാണ്. ജനങ്ങളുടെ വിഷയത്തിൽ പാർട്ടി ഒരു വിട്ടുവീഴ്ചയും നടത്താറില്ല. സമരങ്ങളുമായി ബന്ധപ്പെട്ടല്ലാതെ നാൽപ്പത് വർഷമായി കേരളത്തിൽ ഒരു പ്രവർത്തകന്റെ പോലും പേരിൽ ഒരു കേസുപോലും ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത പ്രസ്ഥാനമാണിത്. ഈ പ്രസ്ഥാനത്തെയാണ് കോലപാതകങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളുടെ പരമ്പര തീർത്തുകൊണ്ടിരിക്കുന്ന സിപിഎമ്മിന്റെ മന്ത്രി സജി ചെറിയാൻ തീവ്രവാദികൾ എന്ന് വിളിക്കുന്നതെന്ന് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയ്സൺ ജോസഫ് പറഞ്ഞു.
സമര സമിതിയും എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റും തീവ്രവാദികളാണെന്ന പ്രചാരണത്തിൽ പ്രതിഷേധിച്ച് ടൗണിൽ സംഘടിപ്പിച്ച യോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കെ – റെയിൽ വിരുദ്ധ സമരം നടത്തുന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ ജനങ്ങളുടെ സ്വതന്ത്ര സമര സമിതി ആണെന്നും അതിനെ അടിച്ചമർത്തൽ കൊണ്ടും അപവാദം കൊണ്ടും ഇല്ലാതാക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.പാർഥസാരഥി വർമ്മ, ടി.കോശി, മധു ചെങ്ങന്നൂർ, എസ്. സൗഭാഗ്യകുമാരി, എം.എ ബിന്ദു, കെ.ബിമൽജി, ടെസ്സി ബേബി എന്നിവർ പ്രസംഗിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ടി.കെ ഗോപിനാഥൻ, വി.വേണുഗോപാൽ, വർഗീസ് എം ജേക്കബ് എന്നിവർ നേതൃത്വം നൽകി.