സുഡാൻ: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായ പശ്ചാത്തലത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി. ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാനാണ് എംബസിയുടെ നിർദ്ദേശം. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് ഇന്ത്യൻ എംബസി പൗരൻമാർക്കായി നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.‘ ഇന്ത്യൻ പൗരൻമാർ ദയവായി ശാന്തരായിരിക്കുക. വെടിവയ്പ്പുകളും ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രതയൊടെ വീടുകളിൽ തന്നെ കഴിയണം.
എംബസി അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക,’ ഖാർത്തൂമിലെ ഇന്ത്യൻ എംബസി ട്വീറ്റിലൂടെ പറഞ്ഞു. പ്രസിഡൻഷ്യൽ കൊട്ടാരം, സുഡാനിലെ ആർമി ചീഫ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ വസതി, ഖാർത്തൂമിലെ അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി സുഡാനിലെ പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് അവകാശപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ ഖാർത്തൂമിലെ തങ്ങളുടെ താവളം സൈന്യം ആക്രമിച്ചതായി അറിയിച്ച് റാപിഡ് സപ്പോർട്ട് ഫോഴ്സും രംഗത്തെത്തിയിരുന്നു.