തിരുവനന്തപുരം : അഭിപ്രായങ്ങള്‍ എല്ലാകാലത്തും പ്രകടിപ്പിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസ്. പലപ്പോഴും തുറന്ന അഭിപ്രായ പ്രകടനങ്ങളിലൂടെ വിവാദം സൃഷ്‌ടിക്കുന്ന ചില നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ നാക്ക് പിഴവ് എന്ന് ചൂണ്ടിക്കാട്ടി പിന്നീട് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കാറുമുണ്ട്. പ്രതിപക്ഷ നേതാവിനെതിരെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയും കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മോഹവുമായി കെപിസിസി അധ്യക്ഷന്‍ തന്നെ രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പിന് മൂന്ന് വര്‍ഷം കൂടി ശേഷിക്കാനിരിക്കുന്നു. മൂന്നാമതൊരു തുടര്‍ഭരണം കൂടി പിണറായി സര്‍ക്കാരിന് ഉറപ്പായാല്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലാവുമെന്ന് ഉറപ്പുള്ള നേരത്താണ് ഇല്ലാത്ത മുഖ്യമന്ത്രി പദത്തിനായി കെ സുധാകരന് ഒരു മോഹം ഉദിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനായി തിടുക്കം കൂട്ടുന്നത് ഇതാദ്യമായല്ല. എന്നാല്‍ പാര്‍ട്ടി കടന്നുപോകുന്ന സാഹചര്യം കണക്കിലെടുക്കാതെയുള്ള കെപിസിസി അധ്യക്ഷന്റെ തുറന്നുപറച്ചില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് എന്നത് വിസ്‌മരിക്കാനാവില്ല. തന്റെ 23ാം വയസില്‍ എംഎല്‍എ പദവി അലങ്കരിച്ച ഒരു നേതാവ് എന്നതിന് പുറമെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആഭ്യന്തര മന്ത്രിയായും സേവനമനുഷ്‌ഠിച്ച രമേശ് ചെന്നിത്തലയെ പോലെയുള്ള പ്രഗത്ഭരായ നേതാക്കള്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോഴായിരുന്നു സുധാകരന്റെ പൊട്ടിത്തെറിക്കുന്ന പ്രതികരണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
ആനാരോഗ്യത്തെ തുടര്‍ന്ന് കിടപ്പിലായ ഉമ്മന്‍ ചാണ്ടിക്കും ജനപിന്തുണയുടെ കാര്യത്തില്‍ മങ്ങലേറ്റിട്ടില്ല. മാത്രമല്ല കെ മുരളീധരന്‍, ശശി തരൂര്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവരും ലക്ഷ്യമിടുന്നത് ഇതേ മുഖ്യമന്ത്രി കസേര തന്നെയാണ്. കോണ്‍ഗ്രസിന് ഇനിയൊരു ഭരണം ഉറപ്പായാല്‍ തന്നെയും ഹൈക്കമാന്‍ഡ് തന്റെ പേര് നിര്‍ദേശിക്കുമെന്ന ആത്മവിശ്വാസമാണ് കെ സി വേണുഗോപാലിനെ ദേശീയ രാഷ്‌ട്രീയത്തിലേക്ക് അടുപ്പിച്ചതും. ഗ്രൂപ്പുകള്‍ക്ക് അതീതനായ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സി എച്ച് മുഹമ്മദ് കോയ പോലെയുള്ള മുസ്ലീം ലീഗിന്റെ സമുന്നതരായ നേതാക്കള്‍ കേരളത്തിലെ മുഖ്യമന്ത്രിയായ ചരിത്രവുമുണ്ട്. സുന്നി ഐക്യവും ഏത് നിമിഷവും സിപിഎമ്മിലേയ്‌ക്ക് പോകുമെന്ന ലീഗ് നിലപാടുകളും ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിനാല്‍ തന്നെയും ലീഗ് നേതാക്കള്‍ സീറ്റിനായി അവകാശം ഉന്നയിക്കുവാനുള്ള സാധ്യത ഏറെയാണ്. എന്നിരുന്നാലും പുരാവസ്‌തു തട്ടിപ്പ് കേസ്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകള്‍ സമ്മര്‍ദത്തിലാക്കുന്ന അവസ്ഥയില്‍ സുധാകരന്റെ മോഹം സിപിഎമ്മിന് മറ്റൊരു ആയുധം കൂടിയാണ്. അഥവ കോണ്‍ഗ്രസിന് തുടര്‍ഭരണം ലഭിച്ചതിന് ശേഷം സുധാകരനാണ് നറുക്ക് വീഴുന്നതെങ്കില്‍ നിലവില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള കേസുകളില്‍ ഇഡി അന്വേഷണം പ്രഖ്യാപിച്ചാല്‍ മന്ത്രിസഭയെ സമ്മര്‍ദത്തിലാക്കും എന്നതില്‍ തര്‍ക്കമില്ല.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പോലുള്ള നേതാക്കള്‍ ഇതിന് ഒരു ഉദാഹരണമാണ്. അദ്ദേഹത്തിനെതിരെയുള്ള കേസുകളില്‍ ഇഡി അറസ്‌റ്റ് രേഖപ്പെടുത്തിയാല്‍ തന്നെയും മന്ത്രിസഭയെ പ്രതിസന്ധിയിലാക്കും എന്നത് മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് ആദ്യ പകുതിയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയത്. കെ സുധാകരന്റെ തുറന്നുപറച്ചിലിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുമെങ്കിലും തികച്ചും വ്യക്തിപരമായ തീരുമാനമായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കുകയുള്ളു. മാത്രമല്ല ഈ തുറന്നുപറച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്‌ടിക്കുമെന്നതിലും തര്‍ക്കമില്ല.