കോഴിക്കോട്: വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി സസ്‌പെൻഷൻ. സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ സസ്‌പെൻഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഇതോടെ ഒൻപതായി.കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താൽക്കാലിക ചുമതല.
ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ചിന്റെ താൽക്കാലിക ചുമതല താമരശ്ശേരി ആർഒ വിമലിനാണ്. സംഭവത്തിൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, ബീറ്റ് ഓഫീസർമാരായ സജി പ്രസാദ്, എം.കെ. വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉൾപ്പെടെ 18 വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.