തൃശ്ശൂര്‍: തൃശ്ശൂരില്‍ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്യുന്നതിനിടെയാണ് വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമം. ഇദ്ദേഹത്തെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയിലേയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുന്നുവെന്ന് ജനങ്ങള്‍ നിരന്തരമായി പരാതി ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ മുതല്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. സമരം നടക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വില്ലേജ് ഓഫീസറുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.