പാലക്കാട് : കോങ്ങാട് വാഹന കവർച്ച കേസിൽ പിടിയിലായി മലമ്പുഴ ജയിലിൽ കഴിയുന്ന പ്രതി കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. കേസിലെ 12ാം പ്രതി ചിറ്റൂർ മീനാക്ഷിപുരം സ്വദേശി നറണി ശശി (32) ആണ് ഇന്നു പുലർച്ചെ ഒന്നിനു കറിക്കത്തി ഉപയോഗിച്ച് കഴുത്തു മുറിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. കഴുത്തു മുറിച്ചശേഷം ശശി നിലവിളിക്കുകയായിരുന്നുവത്രേ. ജയിലിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇയാൾ സ്വയം കഴുത്തു മുറിച്ചതാണെന്നു ജയിൽ അധികൃതർ അറിയിച്ചു.
ജയിലിനകത്തെ പാചകപ്പുരയിൽ നിന്നു കറിക്കത്തി മോഷ്ടിച്ചു സെല്ലിൽ കടത്തിയതാണെന്നു സംശയിക്കുന്നു. കേസിലെ മറ്റു 11 പ്രതികളും മലമ്പുഴ ജയിലിലുണ്ട്. രക്ഷപ്പെടാൻ സംഘം ചേർന്നു നടത്തിയ ആസൂത്രണമാണോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ പോലീസ് കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയപാത പന്നിയംപാടം വളവിൽ ഡ്രൈവറെ മർദിച്ച് കാറും 20 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് ശശി. ഒളിവിലായിരുന്ന ഇയാളെ കോയമ്പത്തൂരിൽ നിന്നാണ് കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളോട് സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രം പകർത്തി സ്വർണം കവർന്ന കേസുകളിലും ശശി പ്രതിയാണെന്നു പോലീസ് പറഞ്ഞു.