തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജനെ തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു. നെയ്യാറ്റിന്‍കര കോടതിയില്‍ അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ അടുത്തിടെ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയത്ത് പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും സാരമായി പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനെയും ഭാര്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.