ദില്ലി: ഗാര്‍ഹിക പീഡനത്തിന് വിധേയരായ വിവാഹിതരായ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നുവെന്നും പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കമ്മിഷന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. ഗാര്‍ഹിക പീഡനം മൂലം വിവാഹിതരായ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളെ കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശം ഇറക്കണമെന്നും പുരുഷന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ദേശീയ പുരുഷ കമ്മിഷന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. അഭിഭാഷകനായ മഹേഷ് കുമാര്‍ തിവാരിയായിരുന്നു ഹര്‍ജിക്കാരന്‍.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചത്. കുടുംബ പ്രശ്നങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഈക്കാര്യത്തില്‍ നിയമകമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്‍ പറയുന്നത്ഏകപക്ഷീയമായ കാര്യങ്ങളാണെന്നും വിവാഹത്തിന് ശേഷം ആത്മഹത്യ ചെയത പെണ്‍കുട്ടികളുടെ കണക്ക് കൈവശമുണ്ടോയെന്നും ഹര്‍ജിക്കാരനോട് ബെഞ്ച് ചോദിച്ചു.