തിരുവന്തപുരം: പള്ളിച്ചലിലെ പത്താം ക്ലാസ് വിദ്യാർഥി ആരതി ജീവനൊടുക്കാന്‍ കാരണം അധ്യാപികയുടെ മാനസിക പീഡനമെന്ന് കുടുംബം. നിസാര കാര്യങ്ങൾക്ക് പോലും അധ്യാപിക കുട്ടിയെ ദ്രോഹിച്ചിരുന്നതായി അമ്മ പറയുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി/എസ്.ടി കമ്മീഷൻ റിപ്പോർട്ട് തേടി. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്ന ആരതി ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് മരിച്ചു. ഒമ്പതാം ക്ലാസ് മുതൽ അധ്യാപിക ആരതിയെ മാനസികമായി അധിക്ഷേപിച്ചുവെന്നാണ് അമ്മയുടെ ആരോപണം.
ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിന് തൊട്ടു മുൻപ് നരുവാംമൂട് പോലീസ് സ്റ്റേഷനിൽ വിളിച്ച് ആരതി പരാതി പറഞ്ഞിരുന്നു. പിന്നാലെ അമ്മയെ വിളിച്ച പോലീസ് സ്കൂൾ അധികൃതരുമായി സംസാരിക്കാനാണ് നിർദേശിച്ചത്. നരുവാംമൂട് പോലീസിനോട് ആരതിക്ക് അധ്യാപകരിൽ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞെങ്കിലും ചോദിച്ചതിന് മാത്രം മറുപടി നൽകിയാൽ മതിയെന്നായിരുന്നു പ്രതികരണമെന്ന് ആരതിയുടെ സഹോദരി പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.