കോന്നി: വനത്തിനുള്ളിലെ ആദിവാസി കുടിലിൽ യുവതിക്ക് സുഖപ്രസവം. ആങ്ങമൂഴിക്ക് സമീപം കിളിയെറിഞ്ഞാംകല്ല് വനമേഖലയിൽ കുടിൽ കെട്ടി താമസിച്ചു വന്ന വിജയന്റെ ഭാര്യ സുമിത്ര (36) ആണ് ഒരാൺകുഞ്ഞിന് ജന്മം നൽകിയത്.
വ്യാഴാഴ്ച്ച രാവിലെ 9.40 ന് ഇവരുടെ സമീപ കുടിലുകളിലെ താമസക്കാർ വനം വകുപ്പിന്റെ കിളിയെറിത്താംകല്ല് ചെക്ക് പോസ്റ്റിൽ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് സീതത്തോട് ഗവൺമെന്റ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. വിൻസെന്റ് സേവ്യറും മറ്റ് ആരോഗ്യ പ്രവർത്തകരും കാട്ടിനുള്ളിൽ എത്തി. അപ്പോഴേക്കും പ്രസവം നടന്നിരുന്നു. ഡോക്ടർ നടത്തിയ പരിശോധനയിൽ അമ്മ സുമിത്രയ്ക്ക് അൽപ്പം ക്ഷീണാവസ്ഥയുണ്ടെന്ന് മനസിലാക്കി.
ഉടൻ തന്നെ 108 ആംബുലൻസ് വിളിച്ചു വരുത്തുകയും നവജാത ശിശുവിനേയും അമ്മയേയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ഇവിടെ കൊറോണ പ്രതിരോധ ചികിൽസാ സംവിധാനം പ്രവർത്തിക്കുന്നതിനാൽ ഇവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ മികച്ച ചികിൽസയും പരിചരണവും ആണ് അമ്മയ്ക്കും കുഞ്ഞിനും ലഭിക്കുന്നത്. വിജയൻ സുമിത്ര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. ഒരു വർഷം മുമ്പ് ഗുരുനാഥൻ മണ്ണ് ചിപ്പൻ കോളനി ഭാഗത്തു നിന്നുമാണ് ഇവർ കിളിയെറിഞ്ഞാംകല്ലിൽ എത്തിയത്. ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു സുമിത്ര. 108 ആംബുലൽസിന്‍റെ ഡ്രൈവർ ജയകൃഷ്ണനും നേഴ്സ് അഭയയും ചേർന്നാണ് അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.