കോന്നി : കോന്നിയിലെ മലയോര മേഖലയിൽ വരൾച്ച രൂക്ഷമാകുമ്പോൾ മനുഷ്യർക്ക് മാത്രമല്ല ജീവജാലങ്ങൾക്കും കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് തുടങ്ങിയ കോന്നിയുടെ മലയോര മേഖലയിലെ ജലാശയങ്ങൾ പകുതിയിലേറെയും വറ്റിവരണ്ടുതുടങ്ങി. കന്നുകാലികളും വന്യ ജീവികളുമടക്കം കുടിവെള്ളം തേടി അലയുന്ന കാഴ്ചയാണ് പലയിടത്തും കാണുവാൻ കഴിയുന്നത്. വന പാതകളിൽ കാട്ടാനയുടെയും കാട്ടുപോത്തിന്റെയും അടക്കം സാന്നിധ്യം വർധിച്ചിട്ടുണ്ട്. കാട് കരിഞ്ഞുണങ്ങിയതോടെ വന്യ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തിതുടങ്ങി. പലയിടത്തും കാട്ടാന വലിയ കൃഷി നാശം വരുത്തിയാണ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം എലിമുള്ളുംപ്ലാക്കലിൽ രണ്ട് ദിവസം തുടർച്ചയായി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലും എത്തിയിരുന്നു. തണ്ണിത്തോട്, കല്ലേലി – കൊക്കാത്തോട് റോഡുകളിൽ യാത്ര ചെയ്യുമ്പോൾ മുൻപ് രാത്രി മാത്രം വന്യ ജീവികളെ ഭയന്നാൽ മതിയായിരുന്നുവെങ്കിൽ ഇപ്പോൾ പകൽ പോലും ആനകൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങുന്ന അവസ്ഥയാണ്. വനത്തിനുള്ളിൽ ആനകൾക്കും മറ്റ് വന്യ ജീവികൾക്കും കുടിക്കാൻ തടയണകൾ നിർമ്മിക്കുന്നു എന്ന് വനം വകുപ്പ് പറയുമ്പോഴും ഇത് കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.
കോന്നിയിൽ ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ശുദ്ധജല പദ്ധതികൾ പോലും നദികളിൽ ജലനിരപ്പ് താഴ്ന്നതിനാൽ പമ്പ് ഹൌസുകളിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. പലയിടത്തും പമ്പ് ഹൗസുകളിലെ ചെളി നീക്കം ചെയ്തുവെങ്കിലും വെള്ളം പമ്പ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പലയിടത്തും കുടിവെള്ള പൈപ്പ് ലൈനുകളെ ആണ് ജനങ്ങൾ ആശ്രയിക്കുന്നത്. കുടിവെള്ളം ലഭിക്കാതെ വന്നതോടെ വലിയ വില കൊടുത്ത് വെള്ളം വിലക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. മുൻപ് തദ്ദേശ സ്വയം ഭരണ വകുപ്പുകൾ കുടിവെള്ളം വിതരണം ചെയ്യാറുണ്ടായിരുന്നു എങ്കിലും ഇപ്പോൾ പലയിടത്തും ഇതൊന്നും ഇല്ലാത്ത അവസ്ഥയാണ്. കോന്നി നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമാണിപ്പോൾ. തേക്കുതോട് പൂച്ചക്കുളം, ശ്രീലങ്കമുരുപ്പ്, കൊക്കാത്തോട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമായി വരുകയാണ് ഇപ്പോൾ. വാഴയടക്കമുള്ള കാർഷിക വിളകൾ വെള്ളം ഇല്ലാതെ കരിഞ്ഞുണങ്ങി. പലയിടത്തും വെള്ളം ലഭ്യമാകാതെ കൃഷിയിടങ്ങളിൽ വെള്ളം കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. ലക്ഷങ്ങൾ വായ്പ എടുത്ത് ചെയ്ത കൃഷി പലയിടത്തും നശിക്കുന്നു എന്നും കർഷകർ പറയുന്നു. വരും ദിവസങ്ങളിൽ വേനൽ ശക്തമാകുമ്പോൾ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പാണ്.