കോന്നി : കോന്നിയുടെ മലയോര മേഖലകളിൽ വരൾച്ച രൂക്ഷമായതോടെ തണ്ണിത്തോട്, കൊക്കാത്തോട്, കല്ലേലി വന മേഖലയിൽ വന്യ ജീവികൾ വനത്തിൽ നിന്നും നാട്ടിലിറങ്ങുന്നത് പതിവാകുന്നു. ആന, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ വന മേഖലയിലെ റോഡിൽ സ്ഥിരം കാഴ്ചയാണ്. തണ്ണിത്തോട് റോഡിൽ കാട്ടാനയുടെയും കാട്ട് പോത്തിന്റെയും ശല്യം വ്യാപകമായി മാറിയിരിക്കുകയാണ്. പേരുവാലി, മുണ്ടോൻമൂഴി, ഇലവുങ്കൽ, നെടുംതാരാ, കൊക്കാത്തോട് റോഡിൽ കല്ലേലി, വിളക്കുപടി, കല്ലേലി പാലം തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം കാട്ടാനയുടെ സാന്നിധ്യമുണ്ട്. വനത്തിനുള്ളിലെ നീരുറവകൾ വറ്റിയതോടെ ചൂട് സഹിക്കാതെയാണ് ഇവറ്റകൾ നാട്ടിലേക്ക് വരുന്നത്. രാത്രി യാത്രക്കാരായ ആളുകൾ ഏറെ ഭീതിയോടെ ആണ് ഈ വഴികളിൽ കൂടി സഞ്ചരിക്കുന്നത്.
വനപാതകളിൽ പലയിടത്തും വെളിച്ചമില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. കാട്ടാനകൂട്ടം റോഡിലെ വളവുകളിൽ നിന്നാൽ വാഹന യാത്രക്കാർ അറിയാതെ ഇതിന്റെ മുന്നിൽ പെടുന്നത് വലിയ അപകടങ്ങൾക്ക് കാരണമായി തീരും. കാടിറങ്ങി നാട്ടിലെത്തുന്ന കാട്ടുപന്നിയും മലയണ്ണാനും കുരങ്ങും എല്ലാം കാട് വിട്ട് നാട്ടിലാണ് താമസം. ഇത്തരത്തിൽ ഉള്ള വന്യജീവികൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഞള്ളൂർ, ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് മേഖലകളിൽ ഉൾപ്പെടെ മലയണ്ണാൻ ശല്യം മൂലം കേര കർഷകർ കൃഷി അവസാനിപ്പിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ്. വിളവെടുപ്പിന് പകമാകുന്ന തേങ്ങകൾ നിമിഷ നേരം കൊണ്ടാണ് മലയണ്ണാൻ നശിപ്പിക്കുന്നത്. നൂറുകണക്കിന് തേങ്ങകള്‍ ആണ് ഇത്തരത്തിൽ നശിക്കുന്നത്. ഇതിന് അർഹമായ നഷ്ടപരിഹാരമോ ഇവർക്ക് ലഭിക്കാറില്ല. വനത്തിനുള്ളിൽ ജലാശയങ്ങൾ നിർമ്മിച്ച് വേനൽ കഴിയും വരെ വന്യ മൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കിയാൽ ഇവറ്റകൾ നാട്ടിൽ ഇറങ്ങുന്നത് ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. ചൂട് കൂടുന്നതോടെ കാട്ടുതീയും വന മേഖലകളിൽ വില്ലനായി മാറും.