ചാരുംമൂട് : വേനൽ കടുത്തതോടെ താമരക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം തുടങ്ങി. 17 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ടാങ്കറുകളിൽ കുടിവെള്ളവിതരണം തുടങ്ങി. ജലജീവൻ മിഷൻ പദ്ധതിയിൽ അയ്യായിരത്തോളം ഗാർഹിക കണക്‌ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും എല്ലായിടത്തും വെള്ളം കിട്ടുന്നില്ല. പല സ്ഥലങ്ങളിലും പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. കാർഷികാവശ്യങ്ങൾക്കും വീടുപണിക്കും മറ്റുമായി കുടിവെള്ളം ദുരുപയോഗം ചെയ്യുന്നു. ഇതിനെതിരേ ജല അതോറിറ്റി നടപടിയെടുക്കുന്നില്ല. ചൂടു കൂടിയതോടെ കാർഷികമേഖലയും പ്രതിസന്ധിയിലാണ്. വാഴയും പച്ചക്കറികളും അടക്കമുള്ള കാർഷികവിളകൾ കരിഞ്ഞുണങ്ങിത്തുടങ്ങി.
പഞ്ചായത്തിലെ നാലുമുക്ക്, ചത്തിയറ തെക്കുകിഴക്ക്, വേടരപ്ലാവ്, പേരൂർക്കാരാണ്മ, പച്ചക്കാട്, കണ്ണനാകുഴി പടിഞ്ഞാറ് ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. നൂറനാട് പാറ്റൂർ കുടിവെള്ളപദ്ധതിയിൽനിന്നുള്ള വെള്ളമാണ് പഞ്ചായത്തിൽ പ്രധാനമായും വിതരണംചെയ്യുന്നത്. ഇതോടൊപ്പം പാലയ്ക്കൽക്കുറ്റി, വേടരപ്ലാവ് മാവുള്ളതിൽ കോളനി, ഉഴലിച്ചിറ, ചത്തിയറ ചിറയ്ക്കൽ, പൊരുവിക്കൽ ചെറുകിട കുടിവെള്ളപദ്ധതികളും കുടിവെള്ളക്ഷാമ പരിഹാരത്തിനായുണ്ട്. ഇതുകൂടാതെ, പഞ്ചായത്തു നടപ്പാക്കിയ മൂന്നു ചെറിയ കുടിവെള്ളപദ്ധതികൾ ചത്തിയറയിലും ഓരോ പദ്ധതികൾ കണ്ണനാകുഴിയിലും നാലുമുക്കിലും പ്രവർത്തിക്കുന്നു. ഇവയുടെ പരിപാലനച്ചുമതല ഗുണഭോക്തൃസമിതികൾക്കാണ്. ഇവയോടൊപ്പം അഞ്ച്, ആറ്, ഒൻപത് വാർഡുകളിൽ പ്രവർത്തനം തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനം നിലച്ചു.