തിരുവനന്തപുരം: കടുത്ത വേനൽ ചൂടിന് ആശ്വാസമായി അടുത്തയാഴ്ചയോടെ മഴയെത്തും. കേരളത്തിൽ നിലവിലെ അന്തരീക്ഷ മാറ്റങ്ങൾ പരിഗണിച്ചാൽ മാർച്ച് പകുതിയോടെ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ വേനൽമഴയെത്തും. പിന്നാലെ മറ്റു ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. തിങ്കളാഴ്ചത്തെ കാലാവസ്ഥാ പ്രവചന പ്രകാരം 15.6 മില്ലീ മീറ്റർ മുതൽ 64.4 മില്ലീ മീറ്റർ വരെയുള്ള സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നിലവിൽ മഴ സാധ്യത. പിറ്റേന്ന് കൊല്ലം പത്തനംതിട്ട ജില്ലകളിലും സമാനമായ രീതിയിൽ മഴ സാധ്യതയുണ്ട്.
അതേസമയം, കനത്ത ചൂട് കണക്കിലെടുത്ത് ഈ ആഴ്ച ദുരന്തനിവാരണ അതോറിറ്റി സൂര്യാഘാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകൾക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വലിയ രീതിയിൽ ചൂട് വർധിക്കുമെന്നും താപസൂചിക ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും താപനില വർധിക്കുന്ന സാഹചര്യത്തിൽ ദിവസവും താപസൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥാ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താപസൂചിക തയ്യാറാക്കിയത്. ഇതിലെ വിവരങ്ങൾ പ്രകാരം അപകടകരമായ രീതിയിൽ ചൂട് വർധിച്ച ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തൊഴിൽ വകുപ്പ് പകൽസമയത്തെ ജോലിസമയത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചിട്ടുണ്ട്. ഡാമുകളിലെ വെള്ളത്തിന്റെ അളവ് കുറയുന്നതും ആശങ്കയാണ്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 46.87% ജലനിരപ്പ് മാത്രമാണുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 70%ത്തോളം ജലം അണക്കെട്ടില്‍ ഉണ്ടായിരുന്നു. വേനൽമഴ ശക്തമാകുന്നതോടെ ജലനിരപ്പിൽ കാര്യമായ വ്യത്യാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. വർഷങ്ങൾക്കുശേഷം ഇത്തവണ മകരം, കുംഭം മാസങ്ങളിൽ തീരെ മഴ ലഭിക്കാതിരിക്കുന്നത് കാർഷിക മേഖലയേയും സാരമായി ബാധിച്ചിട്ടുണ്ട്.