റാന്നി: വേനൽ മഴ ആശ്വാസമായെങ്കിലും പമ്പാനദി വരണ്ടുണങ്ങിതന്നെ. വേനൽ മഴ തുടർച്ചയായ നാലാം ദിവസവും റാന്നി താലൂക്കിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ശക്തമായി തന്നെ ലഭിച്ചു. മഴയോടൊപ്പം കനത്ത മിന്നലും ഇടിയും കാറ്റും ഉണ്ടാകുന്നുണ്ട്. മഴയോടൊപ്പമുള്ള കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. മിന്നലിലും നാശനഷ്ടങ്ങള്‍ ഏറെയാണ്. കഴിഞ്ഞ ദിവസം വേനല്‍മഴ ശക്തമായി മൂന്ന് മണിക്കുറോളം നിന്നു പെയ്തു. വേനൽ ചൂടിൽ ഉണങ്ങി വാടിയ കാർഷിക വിളകൾക്ക് വേനൽമഴ ആശ്വാസമായിട്ടുണ്ട്. കനത്ത വേനലിന്റെ താങ്ങാനാവാത്ത ചൂട് ഉച്ചവരെ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ ഉച്ചക്ക് ശേഷം ആകാശം ഇരുണ്ട് മൂടി വേനൽമഴയുടെ വരവറിയിക്കും. ഫലവൃക്ഷങ്ങൾ കായ്ച്ചു നിൽക്കുന്ന സമയമായതിനാൽ വേനൽ ചൂടിനൊപ്പം എത്തുന്ന മഴയിൽ ഇവ കൊഴിയുമോ എന്നും ആശങ്കയുണ്ട്. എങ്കിലും വേനൽമഴ എത്തിയതോടെ ജലക്ഷാമത്തിന് അല്പമെങ്കിലും പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് റാന്നി നിവാസികൾ. എന്നാല്‍ വേനൽമഴ തുടർച്ചയായി പെയ്തങ്കിലും പമ്പാനദി വരണ്ടുണങ്ങി തന്നെയാണ്.
പമ്പാനദിയെ ആശ്രയിച്ച് റാന്നി താലൂക്കിൽ നിരവധി ജലവിതരണ പദ്ധതികളാണ് ഉള്ളത്. ഇവയുടെ പ്രവർത്തനങ്ങളും നിലവില്‍ ആശങ്കയിലാണ്. ഏതാനും കുടിവെള്ള പദ്ധതികളിൽ ജലനിരപ്പ് ഉയർത്തുവാനായി തടയണകൾ പുനസ്ഥാപിച്ചതിനാൽ പമ്പിംഗ് നടക്കുന്നുണ്ട്. എന്നാൽ മറ്റുള്ള പദ്ധതികളിൽ പ്രതിസന്ധി തുടരുന്നു. പമ്പാനദിയിൽ പെരുന്തേനരുവി മുതല്‍ പെരുനാട് വരയുള്ള ഭാഗത്ത് നിറയെ പുല്ല് വളര്‍ന്നു നിൽക്കുകയാണ്. പ്രളയത്തിന് ശേഷം വലിയ രൂപമാറ്റവും പമ്പാനദിക്കുണ്ടായിട്ടുണ്ട്. മുൻപ് കുഴികൾ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ വന്‍തോതില്‍ മണ്ണടിയുകയും പുതിയ പല കുഴികൾ രൂപപ്പെടുകയും ചെയ്തു. അതിനാൽ തന്നെ മുങ്ങി മരണങ്ങളുടെ എണ്ണവും പ്രളയ ശേഷം കൂടി. നദിയെ ആശ്രയിച്ചാണ് മലയോരവാസികൾ കഴിയുന്നത്. കുളിക്കുവാനും കുടിക്കുവാനും നദിയിലെ വെള്ളം വില കൊടുത്ത് ടാങ്കർ ലോറികളിൽ നിന്നും വാങ്ങുന്നു. കഴിഞ്ഞ കാലങ്ങളിൽ നിന്ന് വേനൽമഴയുടെ കുറവും പമ്പാനദിയിലെ ജലനിരപ്പ് താഴുവാൻ ഇടയാക്കി. ജലവിതരണ പദ്ധതികളിൽ വെള്ളം ലഭിക്കുവാൻ വൈകുന്നേരങ്ങളിൽ ഡാം തുറക്കുമ്പോഴാണ് നദിയിൽ വെള്ളമൊഴുക്ക് ഉണ്ടാകുന്നത്.