തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഎസ് സുനിൽകുമാറിനെ തൃശ്ശൂരിലിറക്കണമെന്ന നിര്‍ബന്ധം സിപിഎമ്മിന്. ശക്തമായ ത്രികോണമത്സരം നടക്കാനിരിക്കുന്ന തൃശൂരിന് വേണ്ടി ഇടതുമുന്നണി പ്രത്യേക പ്രചാരണ തന്ത്രം തന്നെ ഒരുക്കും. തിരുവനന്തപുരത്തും വയനാട്ടിലും ദേശീയതലത്തിൽ സ്വീകാര്യതയുള്ള ആളുകളെ മത്സരത്തിനിറക്കിയാൽ മതിയെന്നാണ് തീരുമാനം. പ്രധാനമന്ത്രി നേരിട്ടെത്തി ഇളക്കി മറിച്ചിട്ട മണ്ഡലത്തിൽ ഒരു മുഴം മുൻപെ വിഎസ് സുനിൽകുമാര്‍ ഇറങ്ങട്ടെ എന്നാണത്രെ സിപിഎമ്മിന്. കുടുംബ യോഗങ്ങളിലടക്കം സജീവമാകാൻ സുനിലിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്രങ്ങൾ പറയുന്നു. സോഷ്യൽ മീഡിയയിലെ സാധ്യത പ്രഖ്യാപനത്തിൽ നീരസമുണ്ടെങ്കിലും വിഎസ് സുനിൽകുമാറിനപ്പുറം ഒരു സ്ഥാനാര്‍ത്ഥി തൃശൂരിലുണ്ടാകില്ലെന്ന് തന്നെയാണ് സിപിഐ വൃത്തങ്ങളും സൂചിപ്പിക്കുന്നത്.
കാനം പക്ഷത്തിന് അത്ര സ്വീകാര്യനല്ലാത്തത് മാത്രമാണ് പാര്‍ട്ടിക്കകത്ത് വിഎസ് സുനിൽകുമാറിന്‍റെ മൈനസ് മാര്‍ക്കെന്നിരിക്കെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക പ്രചരണ തന്ത്രം ഒരുക്കാനാണ് പാര്‍ട്ടിയുടേയും മുന്നണിയുടേയും തീരുമാനം. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സാധ്യതകളിൽ പ്രാഥമിക ചര്‍ച്ചകളും എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായി. മാവേലിക്കരയിൽ അഡ്വ. അരുൺ കുമാറിന്‍റെ പേര് ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തും വയനാട്ടിലും ദേശീയ ശ്രദ്ധയാകര്‍ഷിക്കാൻ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളാകും മത്സരത്തിന് . പാര്ട്ടിക്കകത്ത് ഇല്ലെങ്കിൽ പൊതു സ്വീകാര്യരെ ഇറക്കി പോരാടാനാണ് തീരുമാനം